കാഞ്ഞിരപ്പള്ളിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കപ്പാട് മുന്നോലിക്കൽ രമേഷിന്റെ മകൻ അഖിൽ രമേശ് (26) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.  

 കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ മഞ്ഞപ്പള്ളിക്ക് സമീപം ബുധനാഴ്ച്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ബൈക്കും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അഖിൽ ആണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ അഖിലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് അഖിലിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു മരണം.

അപകടത്തിൽ സ്‌കൂട്ടർ യാത്രികനായ മഞ്ഞപ്പള്ളി സ്വദേശി സുഭാഷിനും പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലും ഇടിച്ചു മറിഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു.