ഏറ്റുമാനൂർ സ്വദേശിയായ ലാബ് ജീവനക്കാരനെ കൊച്ചിയിൽ ശുചിമുറിയിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.


ഏറ്റുമാനൂർ: ഏറ്റുമാനൂർ സ്വദേശിയായ ലാബ് ജീവനക്കാരനെ കൊച്ചിയിൽ ശുചിമുറിയിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ തെള്ളകം നടുത്തല വീട്ടിൽ മാർക്കോസ് ജോർജ്ജിന്റെ മകൻ ജെറിൻ മാർക്സിനെ(28)യാണ് കൊച്ചിയിൽ ശുചിമുറിയിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.  

 കളമശ്ശേരി ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള കെട്ടിടത്തിലെ ശുചിമുറിയിൽ നിന്നുമാണ് കത്തിക്കരിഞ്ഞ നിലയിൽ സ്വകാര്യ ലാബിലെ ജീവനക്കാരനായ ജെറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാം നിലയിലുള്ള പൊതുശുചിമുറിയിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഓടിയെത്തുകയും മറ്റുള്ളവരെ വിവരമറിയിക്കുകയും ചെയ്തത്.

വാതിൽ ചവിട്ടി തുറന്നു അകത്തു കയറി വെള്ളമൊഴിച്ച് തീ അണച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുറിയിൽ നിന്നും ഒരു പൊട്ടിയ കുപ്പിയും ബാഗും ഫോണും പൊലീസിന് ലഭിച്ചു. ബാഗ് പകുതി കത്തിയ നിലയിലായിരുന്നു. പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കളമശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.