'എന്‍റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്' ഫേസ്ബുക്കിൽ കുറിപ്പിട്ടശേഷം കോട്ടയത്ത് ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്തു.


കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഹോട്ടൽ തുറക്കാൻ കഴിയാതെ വന്നതോടെ കടക്കെണിയിലായതിനെ തുടർന്ന് കോട്ടയത്ത് ഹോട്ടൽ ഉടമ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കുറിച്ചി കനകക്കുന്ന് ഗുരുദേവഭവനിൽ സാറിന് മോഹനാണ്(42) കട ബാധ്യതകൾ തുടർന്ന് ജീവനൊടുക്കിയത്.

 

 വിനായക എന്ന പേരിൽ കുറിച്ചിയിൽ ഹോട്ടൽ നടത്തുകയായിരുന്നു സരിൻ. ചൊവ്വാഴ്ച്ച രാവിലെ നാലരയോടെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടശേഷം കുറിച്ചി ലെവൽ ക്രോസിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. തന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാർ ആണെന്നും അശാസ്ത്രീയമായ ലോക്ക് ഡൗൺ തീരുമാനങ്ങൾ മൂലം ഹോട്ടൽ തുറക്കാനാകാതെ വന്നതോടെ കടക്കെണിയിലകപ്പെടുകയുമായിരുന്നു എന്ന് സരിൻ ഫേസ്‌ബുക്കിൽ കുറിച്ചു. 6 മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്നും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കടകളിൽ പാർസൽ മാത്രമായതോടെ വരുമാനം കുറയുകയുമായിരുന്നു. ലോക്ക് ഡൗൺ മാറിയതോടെ പ്രൈവറ്റ് ബാങ്കുകളുടെയും ബ്ലൈഡ്കാരുടെയും ഭീഷണിയാണെന്നും സരിൻ ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലമാണ് സരിൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ചിങ്ങവനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും 2 മക്കളുമടങ്ങുന്നതാണ് സരിന്റെ കുടുംബം. ഇളയ മകൻ ഓട്ടിസം ബാധിതനാണ്. സർക്കാരിനെതിരെ രൂക്ഷ വിമര്ശനമുന്നയിച്ചാണ് സരിൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. തന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത് എന്നും തന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാർ ആണ് എന്നും എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് താനെന്നും സരിൻ ഫേസ്‌ബുക്കിലെ കുറിച്ച വരികളിൽ പറയുന്നു. തന്റെ ഫോൺ ലഭിക്കുന്ന പോലീസുകാരൻ അത് തന്റെ മകൾക്ക് കൊടുക്കണമെന്നും ഓൺലൈൻ ക്ളാസ്സുള്ളതാണെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

സാരിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

6 മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ. അശാസ്ത്രീയമായ ലോകടൗണ് തീരുമാനങ്ങൾ എല്ലാം തകർത്തു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം. കൊറോണ വരില്ല. ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും.ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം. ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും.ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം.കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം. ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല. രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ നടത്താം കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു  തീരുമാനങ്ങള് എല്ലാം തകർന്നപ്പോൾ ലോക്ക് ഡൗൺ എല്ലാം മാറ്റി ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി ബ്ലൈഡ് കാരുടെ ഭീഷണി ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ. ഇനി നോക്കിയിട്ടും കാര്യം ഇല്ല. എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്.എന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാർ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാൻ. എന്റെ കയ്യിൽ ഉള്ളപ്പോൾ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു. സഹയിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹയിക്കുക. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവർക്ക് ഇനി ജീവ്‌ക്കണം. ഇളയ മകന് ഓട്ടിസം ആണ്  അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. 

NB  എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം മകൾക് ഓണ്ലൈന് ക്‌ളാസ് ഉള്ളതാണ് 

അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.