അതിശക്ത മഴ മുന്നറിയിപ്പ്: കോട്ടയം ജില്ലയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജാഗ്രത നിര്‍ദേശം നല്‍കി; ജില്ലാ പോലീസ് മേധാവി.


കോട്ടയം: കോട്ടയം ജില്ലയിൽ വരുന്ന 2 ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി ഡി ശില്പ ജാഗ്രത നിര്‍ദേശം നല്‍കി.

 

 കനത്ത മഴയെ തുടർന്നുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അടിയന്തര സാഹചര്യം നേരിടുന്നതിനായി ജില്ലയില്‍ വെള്ളപ്പൊക്കം ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനം കേന്ദ്രീകരിച്ച് ഡിസാസ്റ്റർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 1090, 112, 9497980358 എന്നീ നമ്പറുകളിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. ഇതിനു പുറമേ കാഞ്ഞിരപ്പള്ളി (04828222222), പാലാ (04822210888) ഡിവൈഎസ്പി ഓഫീസുകൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കേണ്ടതും നദീതീരങ്ങളിൽ കാഴ്ചക്കാരായി നിൽക്കുന്നതും  മറ്റും ഒഴിവാക്കേണ്ടതാണ്. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ സുരക്ഷയെ മുന്‍നിര്‍ത്തി  ക്യാമ്പുകളിലേക്ക് മാറുന്നതിന് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ് എന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ പറഞ്ഞു.