കനത്ത മഴ: കോട്ടയം ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി, എല്ലാ താലൂക്ക് ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂ


കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിറക്കി.

 

 സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ റിപ്പോർട്ടുകൾ പ്രകാരം കോട്ടയം ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ താലൂക്ക് ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കും. അടിയന്തര സാഹചര്യത്തെ നേരിടാൻ പൊലീസും അഗ്നിസുരക്ഷ സേനയും സജ്ജമായിരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ജില്ലയിലെ വിവിധ ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിക്കും. മലയോര-ജലാശയ മേഖലകളിൽ വിനോദസഞ്ചാരം ഒഴിവാക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ സജ്ജമാക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണികളുള്ള സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകും, ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കും. പി.എച്ച്.സി., സി.എച്ച്.സികൾ 24 മണിക്കൂറും പ്രവർത്തിക്കും. താലൂക്കുതലത്തിൽ അടിയന്തര മെഡിക്കൽ സംഘത്തെ തയാറാക്കി നിർത്തും. മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം വൈകിട്ട് ഏഴു മുതൽ രാവിലെ ഏഴുവരെ നിരോധിച്ചു. അടിയന്തര ആവശ്യത്തിനല്ലാതെ രാത്രിയാത്ര അനുവദിക്കില്ല. വൈദ്യുതി ബന്ധത്തിൽ തകരാർ വന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ ടാസ്‌ക് ഫോഴ്‌സുകൾ സജ്ജമാക്കാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കാനും കെ.എസ്.ഇ.ബി.ക്ക് നിർദ്ദേശം നൽകി.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്:

*ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോരമേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം.

*പുഴകളിലും തോടുകളിലും നദികളിലും ഇറങ്ങരുത്. 

*മലയോരമേഖലയിലെ ചാലുകളിലൂടെ മലവെള്ളപ്പാച്ചിൽ, ഉൾപൊട്ടൽ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ചാലുകൾക്കരികിൽ നിർത്തരുത്. 

*മരങ്ങൾക്കു താഴെ വാഹനങ്ങൾ നിർത്തിയിടരുത്. 

*താഴ്ച്ച പ്രദേശങ്ങൾ, നദീതീരം, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണം.

*കുട്ടികൾ പുഴയിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം.

*ദുരന്തസാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണം. 

*അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ സുരക്ഷ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മാറിത്താമസിക്കാൻ തയാറാകണം.

*കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നും അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.

*ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറുന്ന ഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.