കോട്ടയം: മാടപ്പള്ളി ബ്ലോക്ക് പരിധിയിലെ മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, വാകത്താനം, വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ നിന്നും ക്ലീൻ കേരള കമ്പനി നീക്കുന്നത് 13 ടൺ ചില്ല് മാലിന്യം.
ക്ലീൻ കേരള കമ്പനി ഗ്രാമ പഞ്ചായത്തുകൾക് നൽകിയിട്ടുള്ള കലണ്ടർ പ്രകാരം ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷൻ എന്നിവരുടെ നിർദേശ പ്രകാരമാണ് ഹരിത കർമസേനയുടെ നേതൃത്വത്തിൽ 5 ഗ്രാമപഞ്ചായത്തുകളിൽ നിന്നും ചില്ല് മാലിന്യം ശേഖരിച്ചത്. ഇതിനായി പഞ്ചായത്ത് തലത്തിൽ കളക്ഷൻ സെന്റർകൾ ഏർപ്പെടുത്തിയിരുന്നു. ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശേഖരിച്ച ചില്ല് മാലിന്യം കഴിഞ്ഞ ദിവസം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ചില്ല് കൈമാറൽ ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്സാണ്ടർ പ്രാക്കുഴി ഫ്ലാഗ് ഓഫ് ചെയ്തു. വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷാജി എം ഇ , ജി ഇ ഓ ഗിരീഷ് കെ ദാസ്, ക്ലീൻ കേരള കമ്പനി മാനേജർ സഞ്ചു വർഗീസ്,ഹരിത കേരളം മിഷൻ ആർ പി ശരത് ചന്ദ്രൻ,സോഷ്യോഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷൻ ബ്ലോക്ക് കോർഡിനേറ്റർ മനോജ് മാധവൻ, 5 ഗ്രാമപഞ്ചായത്തുകളിലെയും ഹരിത കർമസേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.