കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാത്ത എരുമേലി സ്വദേശിയായ യുവാവിന് സമ്പൂർണ്ണ വാക്സിനേഷൻ സർട്ടിഫിക്കറ്റ്! അമ്പരന്ന് യുവാവ്.


എരുമേലി: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാത്ത എരുമേലി സ്വദേശിയായ യുവാവിന് സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്.

 

 2 ഡോസ് വാക്സിനും സ്വീകരിച്ചതിന്റെ വിവരങ്ങൾ ലഭ്യമാക്കിയാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. ഒന്നാം ഡോസ് വാക്സിനെടുക്കാനായി ഓൺലൈൻ ബുക്കിങ് നടത്താനായി കിണഞ്ഞു പരിശ്രമിച്ചു വാക്സിൻ സ്വീകരിച്ച യുവാവ് ഇപ്പോൾ അമ്പരന്നിരിക്കുകയാണ്. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞാണ്‌ എരുമേലി സ്വദേശിയായ യുവാവിന് രണ്ടാം ഡോസ് വാക്സിനേഷൻ വിജയകരമായി പൂർത്തീകരിച്ചു എന്നും സമ്പൂർണ്ണ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കോവിൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം എന്നും കാണിച്ചു എസ്എംഎസ് സന്ദേശം ലഭിച്ചത്. ഇതുകണ്ട് അമ്പരന്ന യുവാവ് കോവിൻ പോർട്ടലിൽ ലോഗിൻ ചെയ്തപ്പോൾ രണ്ടാം ഡോസ് സ്വീകരിച്ചതായുള്ള വിവരങ്ങളാണ് കണ്ടത്. യുവാവ് തന്റെ ആദ്യ ഡോസ് വാക്സിൻ മാത്രമാണ് സ്വീകരിച്ചിരുന്നത്. കോവീഷീൽഡ്‌ വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ച യുവാവ് അടുത്തയാഴ്ച്ച രണ്ടാം ഡോസ് സ്വീകരിക്കാൻ തയ്യാറെടുത്തിരിക്കെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. 2021 ജൂലൈ മാസം 26 നാണു യുവാവ് കാഞ്ഞിരപ്പള്ളി പാറത്തോട് പിഎച് സി യിൽ നിന്നും തന്റെ ആദ്യ കോവിഡ് പ്രതിരോധ വാക്സിനായ കോവീഷീൽഡ്‌ സ്വീകരിച്ചത്. വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള ദിവസങ്ങൾ ആയിരിക്കെ വാക്സിൻ സ്വീകരിക്കാനാകാതെ യുവാവ് കുഴങ്ങുകയാണ്. ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധയാകാം ഇത്തരമൊരു പിഴവിന് കാരണമെന്ന് കരുതുന്നു. ബിഹാറിലുള്ള ആരോഗ്യ സ്ഥാപനത്തിൽ നിന്നും രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതായാണ് സർട്ടിഫിക്കറ്റിൽ പരാമര്ശിച്ചിരിക്കുന്നത്. ഇതിനും പുറമെ മറ്റൊരു വ്യക്തിയുടെ വാക്സിൻ വിവരങ്ങളും യുവാവിന്റെ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ വാക്സിനുമായി ബന്ധപ്പെട്ടു സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ തന്റെ നമ്പറിൽ രജിസ്‌ട്രേഷൻ നടത്തിയിട്ടില്ല എന്ന് യുവാവ് തറപ്പിച്ചു പറയുന്നു. ആധാർ നമ്പറും ഫോൺ നമ്പറും റഫറൻസ് ഐഡി സീക്രട്ട് കോഡും പരിശോധിച്ചു ഉറപ്പു വരുത്തിയ ശേഷം നൽകുന്ന വാക്സിനിൽ ഇത്തരമൊരു പിഴവ് എങ്ങനെ സംഭവിച്ചു എന്ന ആശങ്കയിലാണ് യുവാവ്. വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള തെറ്റ് തിരുത്താനായില്ലെങ്കിൽ യുവാവിന് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ സാധിക്കില്ല. വാക്സിൻ സർട്ടിഫിക്കറ്റുകൾ ജോലി സ്ഥലങ്ങളിലുൾപ്പടെ വിവിധ മേഖലകളിൽ ആവശ്യപ്പെടുമ്പോൾ എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് യുവാവ്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമുൾപ്പടെ യുവാവ് പരാതി നൽകി.