ശബരിമല വിമാനത്താവള പദ്ധതി സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ; മുഖ്യമന്ത്രി.


തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതി സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല വിമാനത്താവളം സംബന്ധിച്ച് വിവിധ തടസങ്ങൾ പരിഹരിച്ച് സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഡോ.എൻ ജയരാജ് എംഎൽഎ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ശബരിമലയിൽ ഒരു ഗ്രീൻഫീൽഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017ൽ തത്വത്തിൽ അംഗീകാരം നൽകുകയും ആധികാരിക ഏജൻസി മുഖേന സാധ്യതാ പഠനം നടത്തുന്നതിന് കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ സ്പെഷ്യൽ ഓഫീസറായി മുൻ ത്രിപുര ചീഫ് സെക്രട്ടറിയും കണ്ണൂർ ഇന്റർ നാഷണൽ എയർപോർട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന വി തുളസീദാസ് ആണ് നിയമിതനായിട്ടുള്ളത്. വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കണ്ടെത്തിയ പ്രദേശങ്ങളിൽ ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മലയാളം പ്ലാന്റേഷനെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. നിർദിഷ്ട വിമാനത്താവളത്തിന്റെ ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാതപഠനവും നടത്തുന്നതിനായി ലൂയിസ് ബർഗർ കൺസൾടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ സമർപ്പിച്ച പ്രാഥമിക ഫീസിബിലിറ്റി റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കേന്ദ്രം വ്യോമനയാന മന്ത്രാലയം ആവശ്യപ്പെട്ടതിന് മറുപടി തയാറാക്കിവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്‍റെ 2263.18 ഏക്കര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 2020 ജൂണ്‍ 18ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2017 ലാണ് സർക്കാർ ശബരിമല വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട പദ്ധതികളിൽ ഒന്നാണ് ശബരിമല വിമാനത്താവളം പദ്ധതി.