വൈക്കം കെടിഡിസി യിൽ ഫുഡി വീൽസ് ഉത്‌ഘാടനം ശനിയാഴ്ച.


വൈക്കം: കെ എസ് ആർ ടി സി ബസ്സ് റെസ്റ്റോറന്റായി രൂപമാറ്റം വരുത്തി വൈക്കം കെടിഡിസി. കെ ടി ഡി സിയുടെ വൈക്കം മോട്ടൽ ആരാമിൽ പുതുതായി രണ്ടു നിലകളിലായുള്ള റെസ്റ്റോറന്റ് ഫുഡി വീൽസ് ഉത്‌ഘാടനം ശനിയാഴ്ച ഗതാഗത മന്ത്രി ആന്റണി രാജു, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് നിർവ്വഹിക്കും.


ഉൽഘാടന ചടങ്ങിൽ വൈക്കം എംഎൽഎ സി.കെ ആശ അധ്യക്ഷത വഹിക്കും. 2 നിലകളിലായി സജ്ജമാക്കുന്ന റെസ്റ്റോറന്റിൽ 60 പേർക്ക് ഒരേ സമയം ബസ്സിനകത്തും പുറത്തും ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കും. ഇനി കായൽ സൗന്ദര്യം നുകർന്ന് ഡബിൾ ഡക്കർ ബസ്സിലിരുന്നു വ്യത്യസ്ത രുചി വിഭവങ്ങളാസ്വദിക്കാം വൈക്കം മോട്ടൽ ആരാമിലെ ഫുഡി വീൽസിൽ നിന്നും.

വൈക്കത്ത് എത്തുന്ന സ്വദേശീയരും വിദേശീയരുമായ സഞ്ചാരികൾക്കു കൗതുകമുണർത്തുന്ന കാഴ്ച്ചകളാണ് കായലോരത്ത് ബോട്ടിന്റെ മാതൃകയിലുള്ള റെസ്റ്റോറന്റും ബിയർ പാർലറും ഒപ്പം രുചി വൈവിധ്യങ്ങളുടെ ഫുഡ് ബസ്സും. കണ്ഠം ചെയ്ത കെഎസ്ആർടിസി ബസ്സാണ് റെസ്റ്റോറന്റായി രൂപമാറ്റം വരുത്തിയിരിക്കുന്നത്. നിർമ്മാണ ജോലികൾ പൂർത്തിയാക്കിയതും കെഎസ്ആർടിസി യുടെ വൈക്കം ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാരാണ്.

ഇരുനിലകൾ ഉള്ള റെസ്റ്റോറൻ്റ്ൻ്റെ താഴത്തെ നില മുഴുവനായും എയർ കണ്ടീഷൻ ചെയ്തതും രണ്ടാം നില ഓപ്പൺ ഡെക് രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ ബസ് അതിമനോഹരമായി  രൂപമാറ്റം വരുത്തി പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്താതെ ആണ് ഈ റെസ്റ്റോറന്റ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് രുചി വൈവിധ്യങ്ങൾക്കൊപ്പം വ്യത്യസ്‍തമായൊരനുഭവമായിരിക്കും ഈ റെസ്റ്റോറന്റ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വൈക്കം കായലോരത്തെ ബീച്ചിനു സമീപം റെസ്റ്റോറന്റിന്റെ നിർമ്മാണം ആരംഭിച്ചത്.