രണ്ടു പതിറ്റാണ്ടുകാലം അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ സമൂഹ പെരിയോന്‍ ആയി ശബരിമല തിര്‍ത്ഥാടന സംഘത്തെ നയിച്ച കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ പെരിയോന്


അമ്പലപ്പുഴ: രണ്ടു പതിറ്റാണ്ടുകാലം അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ സമൂഹ പെരിയോന്‍ ആയി  ശബരിമല തിര്‍ത്ഥാടന സംഘത്തെ നയിച്ച കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ പെരിയോന്‍ സ്ഥാനം  സ്വമേധയാ പിന്‍ഗാമിക്ക് കൈമാറന്നു.

  കൊറോണക്കാലത്തെ നിയന്ത്രണങ്ങളും പ്രായാധിക്യവും അമ്പലപ്പുഴ സംഘത്തിന്റെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് തടസ്സാമാകരുതെന്ന മുന്‍ കരുതലാണ് പെരിയസ്വാമിയുടെ ഈ തീരുമാനത്തിനു പിന്നില്‍. ഇത്രയും കാലം സമൂഹപ്പെരിയോന്‍ സ്ഥാനത്ത് തുടരാന്‍ സാധിച്ചത് അയ്യപ്പന്റെയും അമ്പലപ്പുഴകൃഷ്ണനെയും അനുഗ്രഹം കൊണ്ടുമാത്രമാണ് എന്ന് വിശ്വസിക്കുന്ന അദ്ദേഹം സ്ഥാനകൈമാറ്റവും അയ്യപ്പ നിയോഗമായി കാണുന്നു.    


  21 വര്‍ഷക്കാലം സമൂഹപ്പെരിയോനായി സംഘത്തിന്റെ ശബരിമല തീർത്ഥാടനം നയിക്കുകഎന്ന അപൂര്‍വ്വ നേട്ടത്തിന് ഉടമയാണ് ചന്ദ്രശേഖരന്‍നായര്‍. സമൂഹ പെരിയോന്‍ ആയിരുന്ന രാമചന്ദ്ര കുറുപ്പിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ നായര്‍ സമൂഹപ്പെരിയോനായി ചുമതല ഏറ്റത്. സംഘത്തിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ്  സമൂഹ പെരിയോനായി അവരോധിക്കപ്പെട്ടത്.  ഇരുപതാം വയസ്സുമുതല്‍ അമ്പലപ്പുഴ സംഘത്തോടൊപ്പം ശബരിമല തീര്‍ഥാടനം നടത്തുന്ന അദ്ദേഹം സമൂഹ പെരിയോന്‍ ആയി ചുമതല ഏറ്റത് മുതല്‍ 2020 ജനുവരി വരെ എല്ലാ മലയാളമാസവും ശബരീശ ദര്‍ശനം നടത്തിയിരുന്നു. മുന്നൂറില്‍പ്പരം തവണ മലകയറിയ  അദ്ദേഹം ഇരുന്നൂറിലധികം ആഴി പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.   മതമൈത്രിക്ക് പേരുകേട്ട എരുമേലി പേട്ടതുള്ളലിലിന്റെ ഭാമായി വാവരു പള്ളിയിലെ പ്രതിനിധിയും അമ്പലപ്പുഴ പെരിയോനും ഒരുമിച്ച് എരുമേലി ക്ഷേത്രദര്‍ശനം നടത്തുന്ന ചടങ്ങ് നിരന്തരം ദേശീയമധ്യമങ്ങളില്‍ വാര്‍ത്തയാവാറുണ്ട്. എരുമേലി വാവരുപള്ളിയിലെ പ്രതിനിധികളുമായി വലിയ ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന ആളുമാണ് ചന്ദ്രശേഖരന്‍നായര്‍.  

 

അയ്യപ്പന്റെ അവതാരവുമായി ബന്ധപ്പെട്ട കഥയിലെ മോഹിനീവേഷം ധരിച്ച വിഷ്ണു ചൈതന്യം അമ്പലപ്പുഴ ശ്രീകൃഷ്ണനാണെന്നാണ് വിശ്വാസം. ശബരിമല ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി കാലം മുതല്‍ അമ്പലപ്പുഴയോഗം എന്ന പേരില്‍ അമ്പലപ്പുഴക്കാര്‍ തീര്‍ത്ഥാടനം നടത്തിവരുന്നു. പന്തളം രാജാവും ഇപ്പോള്‍ അമ്പലപ്പുഴ എന്ന് അറിയപ്പെടുന്ന പഴയ ചെമ്പകശ്ശേരി  രാജാവും തമ്മില്‍ നിലനിന്നിരുന്ന മൈത്രീ ബന്ധത്തിന്റെ ഫലമായി അമ്പലപ്പുഴ ദേശവുമായി വളരെ ചെറുപ്പത്തില്‍ തന്നെ അയ്യപ്പന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് കഥ. ശബരിമല ക്ഷേത്ര നിര്‍മ്മാണത്തില്‍ അമ്പലപ്പുഴക്കാര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ ദേശക്കാരുടെ ശബരിമല തീര്‍ത്ഥാടനത്തിന് ചില ചിട്ടവട്ടങ്ങള്‍ രാജഭരണകാലത്ത് തന്നെ നിലവില്‍ വരികയും ദേവസ്വംബോര്‍ഡ് അത് പിന്തുടര്‍ന്ന് വരികയും ചെയ്യുന്നു. 

 അമ്പലപ്പുഴ അയ്യപ്പഭക്ത സംഘം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ ആ വിവിര്‍ഭാവത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍ മുഖ്യപങ്ക് വഹിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യത്തിനായി ചെറുസംഘങ്ങളായി തീര്‍ത്ഥാടനം നടത്തിയിരുന്നരീതിക്ക് പകരം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഒറ്റ സംഘം ആക്കി തീര്‍ത്ഥാടനം ക്രമീകരിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു. എരുമേലി പേട്ടതുള്ളല്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഉപയോഗിക്കുന്ന സ്വര്‍ണ്ണ തിടമ്പ് ആഘോഷമായി എഴുന്നള്ളിച്ചു കൊണ്ടുപോകുന്ന രഥഘോഷയാത്ര ആരംഭിക്കുന്നതും അദ്ദേഹം പെരിയോനായിരുന്ന കാലഘട്ടത്തിലാണ്. അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക പ്രഭാഷകനെന്നനിലയില്‍ അദ്ദേഹം ശ്രദ്ധനേടി. തമിഴ്‌നാട,് കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ അയ്യപ്പ സംഗമങ്ങളിലും നിരവധിതവണ പങ്കെടുത്തു. ഭാര്യ സുകുമാരിയമ്മ 9 വര്‍ഷം മുമ്പ് ദിവംഗതനായി. കണിച്ചുകുളങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ കെ.സി. ഹരികമാര്‍, കോഴിക്കാട് മാതൃഭൂമിയില്‍  ചീഫ് സബ് എഡിറ്ററായ ഡോ. കെ.സി. കൃഷ്ണകുമാര്‍ എന്നവര്‍ മക്കളാണ്. മഞ്ജുഷ( ക്ലാര്‍ക്ക്, അമ്പലപ്പുഴ കോടതി) ജയദേവി (ടീച്ചര്‍, ഭാരതീയ വിദ്യാഭവന്‍, രാമനാട്ടുകര) എന്നിവര്‍ മരുമക്കളാണ്.