കോട്ടയം ജില്ലയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ആരംഭിച്ചു.


കോട്ടയം: സംസ്ഥാന ആയുഷ് ഹോമിയോ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ സ്‌കൂൾ വിദ്യാർഥികൾക്കും ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ആരംഭിച്ചു. സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ളതാണ് മരുന്ന്.

ജില്ലയിൽ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള 3.5 ലക്ഷം കുട്ടികൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്. ആഴ്സനിക് ആൽബം 30 ഗുളിക ഓരോന്നു വീതം തുടർച്ചയായി മൂന്നു ദിവസം രാവിലെ വെറും വയറ്റിൽ കഴിക്കണമെന്നും 21 ദിവസം കൂടുമ്പോൾ ഇത് ആവർത്തിക്കണമെന്നുമാണ് നിർദേശം.

എല്ലാ ഗ്രാമപഞ്ചായത്തിലെയും സർക്കാർ, ആയുഷ് ഡിസ്പെൻസറികൾ ,ഹോമിയോപ്പതി മെഡിക്കൽ കോളജുകൾ, എന്നിവിടങ്ങൾ മരുന്ന് വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കും. https: // ahims.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നിശ്ചിത ദിവസം കേന്ദ്രങ്ങളിൽനിന്നു മരുന്ന് ലഭ്യമാകും. ഓൺലൈൻ രജിസ്ട്രേഷന് സാധിക്കാത്തവർക്ക് കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്താൻ സൗകര്യമുണ്ട്. മരുന്ന് വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് 1800-599-2011 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെടാം.  

ജില്ലാ ഭരണകൂടം,വിദ്യാഭ്യാസ വകുപ്പ്, തദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന മരുന്ന് വിതരണത്തിന്റെ ആദ്യഘട്ടം ഒക്ടോബർ 25, 26, 27 തീയതികളിൽ രാവിലെ ഒൻപതു മുതൽ നാലു വരെ നടക്കും.  വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നലെ രാവിലെ ഒൻപതിന് ജില്ലാ ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജി വിൽബർ, മറ്റു ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.