എരുമേലിയിൽ കനത്ത മഴ, തടയണ തകർന്നു, എരുമേലി ചരളയിൽ ശക്തമായ ഒഴുക്ക്.


 എരുമേലി: ഉച്ചക്ക് ശേഷം ആരംഭിച്ച ശക്തമായ മഴയിൽ എരുമേലി ചെമ്പകപ്പാറയിലെ തടയിണ തകർന്നു. ഇതേത്തുടർന്ന് ശക്തമായി വെള്ളം എരുമേലി ചരള ഭാഗത്തേക്ക് കുതിച്ചെത്തുകയായിരുന്നു.  വെള്ളം കൂടുതൽ എത്തിയതോടെ തോട്ടിൽ ജലനിരപ്പ് ഉയർന്നു. കനത്ത മഴയിൽ എരുമേലി കെഎസ് ആർടിസി ബസ്സ് സ്റ്റാൻഡിൽ വീണ്ടും വെള്ളം കയറി. ചെമ്പകപ്പാറയിലെ തടയിണ തകർന്നതിനെ തുടർന്ന് വെള്ളം ശക്തമായി എത്തിയതോടെ ചെറിയ തോട് നിറഞ്ഞു കവിഞ്ഞു ചരളയിലെ ഇടറോഡിൽ വെള്ളം കയറി. ശക്തമായ വെള്ളമൊഴുക്ക് പ്രദേശവാസികളിൽ ആശങ്കയ്ക്കിടയാക്കി. അതേസമയം ചരളയിൽ ഉരുൾപൊട്ടിയതായുള്ള പ്രചാരണത്തെ തുടർന്ന് മേഖലയിലെ ജനങ്ങൾ ആശങ്കയിലായിരുന്നു. നിലവിൽ ഇതുവരെയും മേഖലയിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. മണിമലയാറിൽ കൊരട്ടിയിലും എരുമേലി ഒരുങ്കൽ കടവ് കോസ് വേയിലും ജലനിരപ്പ് ഉയർന്നു.