ബൈക്കിലെത്തിയ മോഷ്ടാക്കൾ കോട്ടയം നഗരമധ്യത്തിൽ സ്‌കൂട്ടർ യാത്രികയുടെ മാല പൊട്ടിച്ചു.


കോട്ടയം: കോട്ടയത്ത് ബൈക്കിലെത്തിയ മോഷ്ടാക്കൾ സ്‌കൂട്ടർ യാത്രികയുടെ മാല പൊട്ടിച്ചു. കോട്ടയം എം സി റോഡിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോട്ടയം മാറിയപ്പള്ളി സ്വദേശിനിയും തിരുനക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ ശ്രീക്കുട്ടിയുടെ രണ്ടു പവൻ വരുന്ന താലിമാലയാണ് ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചു കടന്നു കളഞ്ഞത്.

ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് യുവതിയുടെ മാല പൊട്ടിച്ചത്. രാവിലെ ജോലി സ്ഥലത്തേക്ക് വരികയായിരുന്ന ശ്രീക്കുട്ടി പുളിമൂട് ജംങ്ഷന് സമീപം സ്‌കൂട്ടറിന്റെ വേഗത കുറച്ചപ്പോഴാണ് ബൈക്കിലെത്തിയ മോഷ്ടാക്കൾ മാല പൊട്ടിച്ചെടുത്തത്. സംഭവത്തെത്തുടർന്ന് വാഹനം നിയന്ത്രണംവിടാതെ റോഡിനു സമീപത്തേക്ക് മാറ്റി ബഹളം വെച്ചപ്പോഴേക്കും മോഷ്ടാക്കൾ കടന്നു കളഞ്ഞിരുന്നു. നമ്പർ മറച്ച നിലയിലുള്ള ബൈക്കിലാണ് യുവാക്കൾ എത്തിയത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. സമീപ മേഖലയിലെ വ്യാപാര കേന്ദ്രങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പട്ടാപ്പകൽ നഗരമധ്യത്തിലുണ്ടായ സംഭവം എല്ലാവരെയും ആശങ്കയിലാക്കുന്നുണ്ട്. മുൻപും നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.