കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെ തടസപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഈഴവ സമൂഹത്തോട് നിരുപാധികം ഖേദം പ്രകടിപ്പിച്ച് ഫാ. റോയ് കണ്ണന്‍ചിറ.


കോട്ടയം: ഈഴവ സമുദായത്തിനെതിരെ വർഗീയ പരാമർശം നടത്തിയ സംഭവത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ച് ഫാ. റോയ് കണ്ണന്‍ചിറ. കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെ തടസപ്പെടുത്തുവാന്‍ താൻ ആഗ്രഹിക്കുന്നില്ല എന്നും തന്റെ വാക്കുകൾ ആർക്കെങ്കിലും വേദനയുളവാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പു ചോദിക്കുന്നതായും ഫാ. റോയ് കണ്ണന്‍ചിറ.

 

 ചങ്ങനാശ്ശേരി അതിരൂപതയിലെ സൺഡേ സ്‌കൂൾ അധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിൽ ഇതര മതവിശ്വാസികളുമായിട്ടുള്ള വിവാഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഇടവന്നതിനെ തുടർന്നാണ് ഇത്തരത്തിൽ പരാമർശമുണ്ടായതെന്നും നിരവധിപ്പേരാണ് മാതാപിതാക്കളെ തള്ളിപ്പറഞ്ഞു ഇറങ്ങിപ്പോകുന്നതെന്നും മാതാപിതാക്കൾ വൈദികരുടെ അടുത്ത ഇക്കാര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു എന്നും ഫാ. റോയ് കണ്ണന്‍ചിറ പറഞ്ഞു.

കുടുംബ ഭദ്രത നിലനില്‍ക്കണമെങ്കില്‍ വിശ്വാസ ഭദ്രത അനിവാര്യമാണ് എന്നും അടുത്തകാലത്തുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും സംസാരിച്ചത് സൺഡേ സ്‌കൂൾ അധ്യാപകരോട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാമർശങ്ങൾ പലർക്കും വേദനയുണ്ടാക്കിയതായും അവരോടെല്ലാം നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പ് ചോദിക്കുന്നതായും ഫാ. റോയ് കണ്ണന്‍ചിറ പറഞ്ഞു. കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം നടത്തുന്നുണ്ടെന്നും കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ പ്രണയം നടിച്ചു ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ് എന്നുമായിരുന്നു വിവാദ പരാമർശം.