ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ അരുവികളിലെ സുരക്ഷ ഉറപ്പുവരുത്തണം, ഷോൺ ജോർജ് ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച്ച നടത്തി.


കോട്ടയം: കോട്ടയം ജില്ലയിലെ  വിനോദ സഞ്ചാര കേന്ദ്രങ്ങളായ അരുവികളിലെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അരുവികളിലെ അപകടങ്ങൾ സംബന്ധിച്ചും ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീയുമായി ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് കൂടിക്കാഴ്ച്ച നടത്തി. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ മാർമല, വേങ്ങത്താനം,കട്ടിക്കയം, അരുവിക്കച്ചാൽ, കോട്ടത്താവളം അരുവികളിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെ സുരക്ഷ ഒരുക്കുന്നതിന് മുന്നറിയിപ്പ് സൂചന ബോർഡുകളും,സംരക്ഷണ വേലികളുംസ്ഥാപിക്കണം. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനും ടൂറിസം വകുപ്പിനും നിരവധി പ്രൊജക്ടുകൾ സമർപ്പിച്ചിട്ടും അർഹമായ പരിഗണന ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായി ഉണ്ടാകുന്ന അപകടമരണങ്ങൾ ഒഴിവാക്കുന്നതിന് ജനപ്രതിനിധികളുടെയും, തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, ഡിടിപിസി എന്നിവരുടെ സംയുക്ത യോഗം അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ഇത് സംബന്ധിച്ച് നിവേദനം നൽകിയതായും ഷോൺ ജോർജ് പറഞ്ഞു. തകർന്നടിഞ്ഞ സാമ്പത്തിക മേഖലയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് പ്രാദേശിക ടൂറിസം. അതുകൊണ്ട് തന്നെ ടൂറിസം സാധ്യതകൾ നിലനിർത്തികൊണ്ട് സുരക്ഷ സംവിധാനങ്ങൾ  ഉറപ്പുവരുത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ, പോലീസ്, ഫയർഫോഴ്സ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവരുടെ സംയുക്ത യോഗം ഉടൻ തന്നെ വിളിച്ചുചേർക്കാൻ കളക്ടറുമായി നടത്തിയ ചർച്ചയിൽ ധാരണയായതായും ഷോൺ ജോർജ് പറഞ്ഞു.