കോട്ടയത്തിന്റെ പിങ്ക് വസന്തം ആഘോഷമാക്കി നാടും സഞ്ചാരികളും.


കോട്ടയം: കോട്ടയത്തിന്റെ പിങ്ക് വസന്തമായ വിസ്മയക്കാഴ്ച്ചകളുടെ ആമ്പൽ ഫെസ്റ്റ് ആഘോഷമാക്കി നാടും സഞ്ചാരികളും. ശനിയാഴ്ച്ച ആമ്പൽ ഫെസ്റ്റ് ഉത്‌ഘാടനത്തിനു ശേഷം മുതൽ തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നും ദൂരെ സ്ഥലങ്ങളിൽ നിന്നുമുൾപ്പടെ നിരവധിപ്പേരാണ് ഏക്കർ കണക്കിന് പരന്നു കിടക്കുന്ന പാടശേഖരങ്ങളിലെ വിസ്മയ കാഴ്ച്ച കാണാനായി എത്തുന്നത്.

മലരിക്കലിലെത്തുന്ന ഏതൊരാളെയും ദൃശ്യാ മനോഹാരിതയിൽ വിസ്മയം സമ്മാനിച്ചു മാത്രമേ ഈ പാടശേഖരങ്ങൾ മടക്കിയയക്കാറുള്ളു. അത്ഭുതമൂറുന്ന മിഴികളുമായാണ് സഞ്ചാരികൾ മലരിക്കലിലേക്കെത്തുന്നത്. മാധ്യമങ്ങളിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും കേട്ടറിഞ്ഞു ഈ ദൃശ്യാ വിസ്മയം കാണാനെത്തുന്നവരാണ് എല്ലാവരും. കഴിഞ്ഞ വര്ഷം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സന്ദർശനം അനുവദിച്ചിരുന്നില്ല. മുൻ വർഷങ്ങളിൽ ആമ്പൽ കാഴ്ചകൾ കാണാനെത്തിയവരും ഇത്തവണയും എത്തിയിട്ടുണ്ട്.

മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞി പൂക്കുന്നത് പോലെയാണ് മലരിക്കലും അമ്പാട്ടുകടവിലും ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ പിങ്ക് വസന്തം സമ്മാനിച്ചു ആമ്പൽ പൂക്കൾ പൂവിടുന്നത്. നീലക്കുറിഞ്ഞി 12 വർഷത്തിലൊരിക്കൽ പൂവിടുമ്പോൾ കോട്ടയത്തിന്റെ ആമ്പൽ വിസ്മയം എല്ലാ വർഷവും പൂവിടാറുണ്ട്. ആമ്പൽപാടങ്ങളിലേക്ക് പ്രവേശനം പാസ്സ് മൂലമാണ്. കാഞ്ഞിരം പാലം വരെ മാത്രമാണ് വാഹനങ്ങൾക്ക് അനുമതി. ഇവിടെയുള്ള കൗണ്ടറിൽ നിന്നും ഒരാൾക്ക് 30 രൂപ നിരക്കിൽ പാസ്സ് ലഭ്യമാകും. ആമ്പൽപ്പാടത്തിലൂടെ വള്ളത്തിൽ യാത്ര ചെയ്യാനും അനുമതിയുണ്ട്.

2019 ൽ ഒരു വലിയ ആഘോഷം തന്നെയായിരുന്നു നമ്മുടെ ഈ ആമ്പൽ വസന്തം. ആമ്പൽ ഫെസ്റ്റ് ഉൾപ്പടെ നിരവധി പരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വര്ഷം ഈ ദൃശ്യ വിസ്മയം കാണാൻ അവസരമുണ്ടായിരുന്നില്ല. കോട്ടയം കുമരകം റൂട്ടിൽ മലരിക്കലും പനച്ചിക്കാട് അമ്പാട്ടുകടവിലുമാണ് ആമ്പൽ വസന്തം പൂത്തുലഞ്ഞു നിൽക്കുന്നത്. രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം മികവാർന്ന രീതിയിൽ കണ്ടാസ്വദിക്കാനാകുക. ഇതിനോടകം തന്നെ വിവിധ ഫോട്ടോഷൂട്ടുകളും ചിത്രീകരണങ്ങളും ആമ്പൽ പാടശേഖരങ്ങളെ പശ്ചാത്തലമാക്കി നടന്നു കഴിഞ്ഞു. 

ചിത്രം: ജിഷ്ണു.