കാഞ്ഞിരപ്പള്ളി സ്വദേശിനിയുടേതുൾപ്പടെ 5 യുവതികളുടെ മരണം, 4 പേരും മരണപ്പെട്ടത് തലച്ചോറിലെ രക്തസ്രാവം മൂലം, വാക്സിൻ പാർശ്വഫലമോ?


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിനിയുടേതുൾപ്പടെ സംസ്ഥാനത്ത് അടുപ്പിച്ചുണ്ടായ 5 യുവതികളുടെ മരണം കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന്റെ പാർശ്വഫലം മൂലമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരണങ്ങളിൽ യുവതികളുടെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിന്മേൽ പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

 കോവിഡ് പ്രതിരോധ വാക്സിന്റെ പാർശ്വഫലമാണെന്നു ബന്ധുക്കൾ ആരോപിക്കുമ്പോഴും അടുത്തിടെയായി മരിച്ച 5 യുവതികളിൽ 4 പേരും മരണപ്പെട്ടത് തലച്ചോറിലെ രക്തസ്രാവം മൂലം ആണ്. ഒരാൾ മരണമടഞ്ഞത് നിലയ്ക്കാത്ത ഛർദ്ദിയെ തുടർന്നാണ്. കാഞ്ഞിരപ്പള്ളി സ്വദേശിനി മഹിമയുൾപ്പടെ 4 പേർക്കും കടുത്ത തലവേദനയായിരുന്നു ആരംഭ ലക്ഷണം. പിന്നീട് തലച്ചോറിൽ രക്തസ്രാവമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

 

 കോട്ടയം ജില്ലയിൽ നിന്നുള്ള ഒരാളും പത്തനംതിട്ടയിൽ നിന്നുള്ള മൂന്നു പേരും കാസർഗോഡ് സ്വദേശിനിയായ ഒരാളുമാണ് മരണമടഞ്ഞത്. ദിവ്യ,ആര്യ,നോവ എന്നിവരാണ് പത്തനംതിട്ട ജില്ലയിൽ മരണപ്പെട്ടത്. മഹിമ കോട്ടയം ജില്ലയിലും രഞ്ജിത കാസർഗോഡ് ജില്ലയിലുമാണ് മരണപ്പെട്ടത്. വാക്സിൻ സ്വീകരിച്ചു 28 ദിവസത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾ ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശമുണ്ട്. അടുപ്പിച്ചുള്ള മരണങ്ങൾ ആശങ്കയുളവാക്കുന്നുണ്ട്. വളരെ വേഗത്തിൽ വിദഗ്ദ്ധ പരിശോധനയിൽ യഥാർത്ഥ കാരണം കണ്ടെത്തിയാൽ മാത്രമേ ആശങ്കകൾക്ക് വിരാമമാകുകയുള്ളു.

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമയുടെ മരണ കാരണം കോവിഡ് വാക്സിനേഷന്റെ പാർശ്വഫലമാകാം എന്ന് ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ തൈപ്പറമ്പിൽ മാത്യുവിൻ്റെ(മാത്തുക്കുട്ടി) മകളും പടിഞ്ഞാട്ടുകര കാഞ്ഞിരത്തിങ്കൽ രഞ്ജിത്തിന്റെ ഭാര്യയുമായ മഹിമ മാത്യു(31) ആണ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ഈ മാസം ആറാം തീയതി മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് മഹിമ കോവിഡ് വാക്സിൻ സ്വീകരിച്ചത്.  ഈ മാസം 11 മുതലാണ് യുവതിക്ക് ശക്തമായ തലവേദന അനുഭവപ്പെട്ടു തുടങ്ങിയത്. തുടർന്ന് 13 നും 14 നും ആശുപത്രിയിൽ ചികിത്സ തേടുകയും ആരോഗ്യനിലയിൽമാറ്റമില്ലാഞ്ഞതിനെ തുടർന്ന് 15 നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബോധം പൂർണ്ണമായും മറയുകയും വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. പത്തനംതിട്ട ചെറുകോൽ കാട്ടൂർ ചിറ്റാനിക്കൽ വടശ്ശേരിമഠം സാബു സി തോമസിന്റെ മകൾ നോവ സാബു(31) ആണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. ജൂലൈ 28 നാണു നോവ വാക്സിൻ സ്വീകരിച്ചത്. തുടർന്ന് പണിയും കഠിനമായ തലവേദനയെയും തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

പത്തനംതിട്ട കൈപ്പട്ടൂർ തെക്കനേത്ത് രഞ്ജിത്തിന്റെ ഭാര്യ ആര്യ(28) മരണപ്പെട്ടത് കഠിനമായ ഛർദ്ധിയെ തുടർന്നായിരുന്നു. ഈ മാസം മൂന്നിനാണ് ആര്യ വാക്സിൻ സ്വീകരിച്ചത്. തുടർന്ന് ഛർദ്ധി നിലയ്ക്കാതെ വരികയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. തിങ്കളാഴ്ച്ച പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. പത്തനംതിട്ട നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പിൽ ജിനുവിന്റെ ഭാര്യ ദിവ്യ(38) കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഈ മാസം 2 നു കടമ്മനിട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് ദിവ്യ വാക്സിൻ സ്വീകരിച്ചത്. കഠിനമായ തലവേദനയേ തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യ നില മോശമാകുകയും മസ്തിഷ്കാഘാതമുണ്ടാകുകയും ചെയ്തതോടെ എറണാകുളത്ത് ആശുപത്രിയിലേക്ക് മാറ്റുകയും രണ്ടു തവണ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നീടും തലച്ചോറിൽ രക്തസ്രാവമുണ്ടായതോടെ എറണാകുളത്തു നിന്നും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവ്യയുടെ മരണത്തിൽ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കാസർഗോഡ് സ്വദേശിനിയായ രഞ്ജിത(22)യും മരണപ്പെട്ടത് തലച്ചോറിലെ രക്തസ്രാവം മൂലമാണ്. കഴിഞ്ഞ മൂന്നിന് വാക്സിൻ സ്വീകരിച്ച രഞ്ജിതയ്ക്ക് കടുത്ത തലവേദനയും പനിയും ഉണ്ടായതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ചൊവ്വാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു. മരണമടഞ്ഞ യുവതികളുടെ ബന്ധുക്കൾ ആരോഗ്യ വകുപ്പിനും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.