സഞ്ചാരികളുടെ മനം കവർന്നു സുന്ദരിയായി അരുവിക്കുഴി.


പള്ളിക്കത്തോട്: ഗ്രാമീണ ഭംഗിയിൽ റബ്ബർ തോട്ടങ്ങൾക്കിടയിലൂടെ പതഞ്ഞൊഴുകിയെത്തുന്ന അരുവിക്കുഴി വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരും. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ അരുവിക്കുഴിയിലേക്ക് സഞ്ചാരികളെത്തി തുടങ്ങിയിരുന്നു. ഓണത്തിന്റെ അവധി ദിവസങ്ങളിലും സഞ്ചാരികളുടെ മനം കവർന്നു സുന്ദരിയായി ഒഴുകുന്ന അരുവിക്കുഴിയുടെ കാഴ്ചകൾ കാണാനായി സഞ്ചാരികളെത്തിയിരുന്നു.

 

 പ്രാദേശിക ടൂറിസത്തിൽ വലിയൊരിടം സ്വന്തമാക്കുന്ന പ്രകൃതി മനോഹാരിത തുളുമ്പുന്ന കാഴ്ച്ചകളാണ് ഇവിടെയെത്തുന്ന ഏതൊരാളെയും ആകർഷിക്കുന്നത്. അരുവിക്കുഴി, ഈ പേര് അധികമാരും തുടക്കത്തിൽ കേട്ടിരുന്നില്ലെങ്കിലും ഇപ്പോൾ പ്രാദേശിക സഞ്ചാരികൾ മാത്രമല്ല അടുത്തു നിന്നും അകലെ നിന്നും അയൽ ജില്ലകളിൽ നിന്നും സഞ്ചാരികളെത്തുന്നുണ്ട്. സുരക്ഷിതമായി കാഴ്ചകൾ ആസ്വദിക്കാനാകുമെന്ന പ്രത്യേകതയാണ് സഞ്ചാരികളെ കൂടുതലായി വീണ്ടും വീണ്ടും അരുവിക്കുഴിയിലേക്ക് ആകർഷിക്കുന്നത്. 

 

 മഴയെത്തുന്നതോടെ അരുവിക്കുഴി സുന്ദരിയായി മാറും. നൂറടിയിലധികം ഉയരത്തിൽ നിന്നും പതഞ്ഞു പതിക്കുന്ന വെള്ളാചാട്ടത്തിന്റെ അഴകാണ് സഞ്ചാരികളെ ഇവിടേക്കാകര്ഷിക്കുന്നത്. മഴക്കാലത്താണ് ഈ വശ്യ മനോഹാരിത തുളുമ്പുന്ന കാഴ്ച്ചകൾ പൂർണ്ണത്തോയെടെ കണ്ടാസ്വദിക്കാനാകുക. കോട്ടയം ജില്ലയിൽ കോട്ടയം-പള്ളിക്കത്തോട് റൂട്ടിൽ പള്ളിക്കത്തോട് നിന്നും 2.5km അകലെ സ്ഥിതി ചെയ്യുന്ന ഒരു സഞ്ചാര കേന്ദ്രമാണ് അരുവിക്കുഴി വെള്ളച്ചാട്ടം.

അരുവിക്കുഴി ലൂർദ് മാതാ പള്ളിയുടെ നേരെ താഴെ ഭാഗത്തായാണ് ഇവൾ സ്ഥിതി ചെയ്യുന്നത്. അതിനാൽതന്നെ വെള്ളച്ചാട്ടത്തിനു താഴെ നിന്നും മുകളിലേക്കുള്ള പള്ളിയുൾപ്പെടുന്ന ആ കാഴ്ച വളരെ രസകരമാണ്. വെള്ളച്ചാട്ടത്തിൽ പള്ളി സ്ഥിതി ചെയ്യുന്നപോലെ. കോട്ടയം ജില്ലയിലെ ടൂറിസം പദ്ധതിയിൽ ആദ്യസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന ഈ വെള്ളച്ചാട്ടം ടൂറിസം വിവാദത്തിൽ മുങ്ങിപോയത് വലിയ തിരിച്ചടിയായി നേരിടുകയുണ്ടായി. പിന്നീട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വെള്ളച്ചാട്ടം കാണുന്നതിനായി പടിക്കെട്ടുകളും ഇരിപ്പടങ്ങളും ഹരിത സൗന്ദര്യ വത്‌ക്കരണവും നടത്തി.

ഈ അവധിക്കാല-മഴക്കാലത്തു വലിയ ജനപ്രവാഹമാണ് ഇവിടെ എത്തുന്നത്. കൂടാതെ സഞ്ചരികൾക്കും കുടുംബങ്ങൾക്കും പ്രിയമായി മാറിയിരിക്കുകയാണ് ഈ സുന്ദരി. ഫോട്ടോയും വീഡിയോയുമെടുക്കാനും യുവത്വത്തിന്റെ തിരക്കാണ് ഇവിടെ. കണ്ണിനു ആസ്വാദ്യവും എന്നാൽ കഴിഞ്ഞ മഴകാലങ്ങളിൽ പേടിപ്പെടുത്തുന്നതുമായ ഈ സുന്ദരി അരുവിക്കുഴി എന്ന കൊച്ചുഗ്രാമ നിവാസികൾക്ക് അനുഗ്രഹവും ആശ്രയവുമാണ്. കോട്ടയത്ത് നിന്ന് 22 കിലോമീറ്റർ മാറി പള്ളിക്കത്തോട് പഞ്ചായത്തിലാണ്  അരുവിക്കുഴി വെള്ളച്ചാട്ടം.