ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ സംസ്ഥാനത്ത് ആദ്യം പൂര്‍ത്തീകരിച്ചത് കോട്ടയം ജില്ലയില്‍.


കോട്ടയം: ഗ്രാമീണ കുടുംബങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് മുന്നോടിയായി നടത്തിയ ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച്ച പൂര്‍ത്തീകരിച്ചു. വിവരശേഖരണം സംസ്ഥാനത്ത് ആദ്യം പൂര്‍ത്തീകരിക്കുന്ന ജില്ലയാണ് കോട്ടയം. ജൂലൈ 20 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ എസ്.ഇ.സി സെന്‍സസിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ഗ്രാമ വികസന വകുപ്പാണ് സര്‍വ്വേ നടത്തിയത്. എസ്.ഇ.സി സെന്‍സസിന്റെ പട്ടികയില്‍  90184 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഈ പട്ടികയില്‍ ഇരട്ടിപ്പ് ഒഴിവാക്കിയപ്പോള്‍ ശേഷിച്ച 64805 കുടുംബങ്ങളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഏറ്റവും കൂടുതല്‍ കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചത് കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ്. 9263 കുടുംബങ്ങളെയാണ് ഇവിടെ പരിഗണിച്ചത്. ഏറ്റവും കുറവ് ളാലം ബ്ലോക്കിലാണ്-3370.  ജില്ലയില്‍ ഏറ്റവും ആദ്യം സര്‍വ്വേ പൂര്‍ത്തിയാക്കിയത് ളാലം ബ്ലോക്കിലാണ്. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആര്‍.ടി.ടി അംഗങ്ങള്‍, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവരശേഖരണത്തിന്റെ പ്രധാന ചുമതല ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്കും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കു മായിരുന്നു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോയാണ് ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വീട്, തൊഴില്‍, ആരോഗ്യ സുരക്ഷ, വാക്സിനേഷന്‍, റേഷന്‍ കാര്‍ഡ്, പാചകവാതകം, വൈദ്യുതി, ബാങ്ക് അക്കൗണ്ട്, ലൈഫ് ഇന്‍ഷുറന്‍സ്,  ശൗചാലയം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിച്ചത്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ കൈമാറിയ വിവരങ്ങളുടെ ഡാറ്റാ എന്‍ട്രിയും അപ് ലോഡിംഗും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ്  നിര്‍വഹിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ പരിശോധിച്ച് ഗ്രാമപഞ്ചായത്തുകള്‍ അംഗീകാരം നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.  ഈ വിവരങ്ങള്‍ ഈസ് ഓഫ് ലിവിംഗ് വെബ് സൈറ്റിലേക്ക് ജൂലൈ 31നകം അപ് ലോഡ് ചെയ്യും.