പട്ടികവർഗ വിഭാഗങ്ങൾക്ക് ആശ്വാസമായി സ്പെഷ്യൽ ഭക്ഷ്യകിറ്റ്, ജില്ലയിലെ 2600 കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റ് നൽകുന്നത്.


കോട്ടയം: കോവിഡ് പ്രതിസന്ധി  മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന  ജില്ലയിലെ പട്ടികവർഗ കുടുംബങ്ങൾക്ക് ആശ്വാസമായി സ്പെഷ്യൽ കിറ്റ്.  പട്ടികവർഗ വികസന വകുപ്പിൻ്റെ ഭക്ഷ്യ സഹായ പദ്ധതി പ്രകാരം 2600 കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റ് നൽകുന്നത്. പൊതുവിതരണ വകുപ്പ് നൽകുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കു പുറമേയാണിത്. മെയ് മാസം കോവിഡ് ബാധിത മേഖലകളിലെ 2229 കുടുംബങ്ങൾക്ക് 13 ഇനങ്ങളടങ്ങിയ കിറ്റും ജൂണിൽ 2600 കുടുംബങ്ങൾക്ക് നാലിനങ്ങള്‍ അടങ്ങിയ കിറ്റും വിതരണം ചെയ്തു. ദുരിതമനുഭവിക്കുന്ന 175 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റും നൽകി. കോവിഡ് രോഗികൾക്കും ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്കും പ്രത്യേകമായി ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. മുണ്ടക്കയം, മേലുകാവ്, തിടനാട്, എരുമേലി, മൂന്നിലവ്, വൈക്കം, കോരുത്തോട്  തുടങ്ങിയ പഞ്ചായത്തുകളിലാണ് ജില്ലയിൽ ഏറ്റവുമധികം പട്ടികവർഗ വിഭാഗക്കാരുള്ളത്. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് ട്രൈബൽ പ്രൊമോട്ടർമാരാണ് കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകുന്നത്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തര ധനസഹായവും വകുപ്പ്   അനുവദിക്കുന്നുണ്ട്. ചികിത്സാ ധനസഹായമായി ഈ സാമ്പത്തിക വർഷം 96 പേർക്കായി 3.73 ലക്ഷം രൂപ വിതരണം ചെയ്തു. പട്ടികവർഗ വിഭാഗത്തില്‍ പെട്ട ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഓണ്‍ലൈന്‍ പഠനത്തിനായി ലാപ്ടോപ്പ് നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പട്ടികവർഗ വിഭാഗക്കാര്‍ക്ക് വാക്സീൻ നൽകുന്നതിനായി 48 സ്പെഷ്യല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചെന്നും ഈ വിഭാഗത്തിൽപ്പെട്ട മുഴുവൻ പേർക്കും വാക്സിൻ നൽകുന്നതിന് നടപടി സ്വീകരിച്ചെന്നും ഐ.റ്റി.ഡി.പി ഓഫീസർ സി.വിനോദ് കുമാർ പറഞ്ഞു.