റീബില്‍ഡ് കേരള: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ പുനുരുദ്ധാരണ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും.


ഏറ്റുമാനൂർ: റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ പുനുരുദ്ധാരണ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. അതിരമ്പുഴ, ആര്‍പ്പൂക്കര, അയ്മനം, നീണ്ടൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ജില്ലാ പാതകളായ ഗാന്ധിനഗര്‍-മെഡിക്കല്‍ കോളേജ്, കുടയംപടി-പരിപ്പ്, അതിരമ്പുഴ-ലിസ്സി-കൈപ്പുഴ, മാന്നാനം-കൈപ്പുഴ, മാന്നാനം-പുലിക്കുട്ടിശ്ശേരി, അതിരമ്പുഴ-കോട്ടമുറി, പാറോലിക്കല്‍ അതിരമ്പുഴ റോഡുകളാണ് കെ.എസ്.ടി.പിയുടെ ചുമതലയില്‍ പുനരുദ്ധരിക്കുന്നത്. രാവിലെ 11.30 ന് നടക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷണവും ശിലാഫലക അനാച്ഛാദനവും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിര്‍വഹിക്കും. തോമസ് ചാഴികാടന്‍ എം.പി ആശംസാ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു വലിയമല(അതിരമ്പുഴ), റോസിലി ടോമിച്ചന്‍(ആര്‍പ്പൂക്കര), സബിത പ്രേംജി(അയ്മനം) വി.കെ. പ്രദീപ്(നീണ്ടൂര്‍) മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.