ഗർഭിണികൾക്കുള്ള മാതൃകവചം കോവിഡ് വാക്സിനേഷൻ പരിപാടിക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി.


കോട്ടയം: ഗർഭിണികൾക്കുള്ള മാതൃകവചം കോവിഡ് വാക്സിനേഷൻ പരിപാടിക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി.കോവിഡ് പ്രതിരോധ മുന്‍കരുതല്‍ പാലിച്ച് എല്ലാ ഗര്‍ഭിണികള്‍ക്കും സമയബന്ധിതമായി കോവിഡ് വാക്സിന്‍ നല്‍കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ നിര്‍വഹിച്ചു.

വരും ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കു മാത്രമായി വാക്സിനേഷന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. കാമ്പയിനിന്‍റെ ഭാഗമായി വാർഡ് തലത്തിൽ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളെയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യിക്കും. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവര്‍ക്ക് അതിന് നിര്‍ദേശം നല്‍കും. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തവരെ ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനും ക്രമീകരണമുണ്ട്. ഗർഭാവസ്ഥയുടെ ഏത് കാലയളവിലും നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന ഏത് കോവിഡ് വാക്സിനും ഗർഭിണികൾക്ക് സ്വീകരിക്കാം. ഗർഭാവസ്ഥയിൽ തന്നെ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാകും.