കോട്ടയം: ജലാശയങ്ങളുടെയും തീരത്തിന്റെയും സംരക്ഷണത്തിനായി കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടിക്ക് മറവന്തുരുത്ത് ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ മൂവാറ്റുപുഴയാറിന്റെയും വേമ്പനാട്ടു കായലിന്റെയും തീരങ്ങള്‍, മറ്റ് ജലാശയങ്ങള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടല്‍ ചെടികള്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടല്‍ ദിനാചരണത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ ഉദ്ഘാടനം ചെയ്തു.
കൊടൂപാടം പത്തുപറ ഫിഷ് ഫാമില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിനോടനുബന്ധിച്ച് ഫാമിലെ ജലാശയങ്ങളുടെ തീരങ്ങളിലും പരിസരത്തുമായി നൂറ്റമ്പതോളം കണ്ടല്‍ തൈകള്‍ നട്ടു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4, 6, 7, 9, 11, 14 വാര്‍ഡുകളിലും സാമൂഹ്യ വനവത്ക്കരണ വിഭാഗവുമായി ചേര്‍ന്ന് കണ്ടല്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നതിനും തുടക്കമായി. ചെറുകണ്ടല്‍, മരുന്ന് കണ്ടല്‍, കടകണ്ടല്‍ എന്നിവയുടെ തൈകളാണ് നട്ടിരിക്കുന്നത്. ഉപ്പ് കലര്‍ന്ന വെള്ളത്തില്‍ വളരുന്ന ഇവ നിത്യ ഹരിത സ്വഭാവമുള്ളവയാണ്.
ജലത്തില്‍ നിന്നും കരയിലേക്ക് ഉപ്പ് വ്യാപിക്കുന്നത് തടയുന്നതിനും ഓരുജലവും ശുദ്ധജലവും തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുന്നതിനും കണ്ടലിനു കഴിയും. ആയിരം കണ്ടല്‍ തൈകള്‍ നടാനാണ് ലക്ഷ്യമിടുന്നതെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി. രമേശ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് സെക്രട്ടറി മധു, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ അജിത്കുമാര്‍, മറിയം ജോയ്സി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.