നിലപാടുകളിൽ നിന്ന് വ്യതിചലിക്കാതെ പ്രതിസന്ധികളിൽ പ്രതിരോധം തീർത്തു കോട്ടയത്തെ മുന്നിൽ നിന്ന് നയിച്ച കളക്ടർ.


കോട്ടയം: കോവിഡ് ഒന്നാം തരംഗം പിടി മുറുക്കിയ സമയത്താണ് ജില്ലാ കളക്ടറായിരുന്ന പി കെ സുധീർ ബാബു വിരമിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന എം അഞ്ജന കോട്ടയം ജില്ലാ കലക്ടറായി എത്തുന്നത്. രോഗബാധിതരുടെ എണ്ണം കൂടുതൽ ആയിരുന്ന കോട്ടയത്ത് എത്തിയ അഞ്ജനയ്ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളിയും കോവിഡ് പ്രതിരോധം തന്നെയായിരുന്നു. 2020 ജൂൺ 3 നാണു കോട്ടയം ജില്ലാ കലക്ടറായി എം അഞ്ജന സ്ഥാനമേറ്റത്.

ഒരു വർഷത്തിനിപ്പുറം കോവിഡ് പ്രതിരോധത്തിൽ വലിയ നേട്ടങ്ങൾ സമ്മാനിച്ചാണ് എം അഞ്ജന കോട്ടയത്തിന്റെ പടിയിറങ്ങുന്നത്. കോവിഡ് രണ്ടാം തരംഗത്തെ ഏറ്റവും ശക്തമായി കോട്ട കെട്ടി പ്രതിരോധിച്ച ജില്ലയാണ് കോട്ടയം. സംസ്ഥാനത്ത് ആദ്യമായി ഓക്സിജൻ പാർലർ സംവിധാനം ഒരുക്കിയതും കോട്ടയം ജില്ലയിൽ ആയിരുന്നു. ഓക്സിജൻ പ്രതിസന്ധികളെ ഫലപ്രദയമായി നേരിടാൻ ഓക്സിജൻ വാർ റൂമുകൾ സജ്ജമാക്കി. സ്വകാര്യ ആശുപത്രികളെയും ഇതിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പങ്കാളികളാക്കി. കോട്ടയം ജില്ലയുടെ 46-ാമത് കളക്ടറായി ചുമതലയേറ്റ എം അഞ്ജന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാലവര്‍ഷ ദുരന്തനിവാരണ പ്രവർത്തനങ്ങളിലും കോട്ടയത്തിനൊപ്പം ജില്ലയെ മുന്നിൽ നിന്ന് നയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടഞ്ഞു കിടക്കുകയും പന്തലിനെ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഓൺലൈൻ സംവിധാനം ലഭ്യമല്ലാത്ത കുട്ടികൾക്ക് അവ ലഭ്യമാക്കുന്നതിനായി സന്നദ്ധ സംഘടനകളുമായി ചേർന്ന് കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കി. കഴിഞ്ഞ വർഷവും ഈ വർഷവും കളക്ടർ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പരിശോധനകളിലുമടക്കം ജില്ലയുടെ എല്ലാ കാര്യങ്ങളിലും ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും അതിൽ നിന്ന് വ്യതിചലിക്കാതെ കോട്ടയത്തെ മുന്നിൽ നിന്ന് നയിച്ച വ്യക്തിത്വമാണ് എം അഞ്ജനയുടേത്.

എല്ലാ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമവും ഒത്തൊരുമയുമാണ് കോട്ടയത്തിന്റെ വിജയമെന്ന് എം അഞ്ജന പറഞ്ഞു. കോവിഡ് മൂന്നാം തരംഗമുണ്ടായാൽ അത് നേരിടുന്നതിനായി ജില്ലയെ സജ്ജമാക്കിയിട്ടാണ് എം അഞ്ജന പടിയിറങ്ങുന്നത്. ഏറ്റവും കൂടുതൽ ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാനും അഞ്ജനയ്ക്ക് കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കക ശബരിമല തീർത്ഥാടനം എരുമേലിയിൽ നേരിട്ടെത്തി വിലയിരുത്തുകയും ചെയ്തു. കോവിഡ് പ്രതിരോധത്തില്‍ കോട്ടയം ജില്ല ഇതുവരെ നടത്തിയത്  മാതൃകാപരമായ പ്രവര്‍ത്തനം ആണെന്നും അത് ഇനിയും തുടരേണ്ടതുണ്ടെന്നും എം അഞ്ജന പറഞ്ഞു. രോഗവ്യാപനം കുറഞ്ഞിട്ടില്ല ഇനിയും എല്ലാവരും കരുതലോടെയിരിക്കണമെന്നും കോവിഡ് പ്രതിരോധത്തിനായി എല്ലാവരും സഹകരിക്കണമെന്നും എം അഞ്ജന പറഞ്ഞു. തിരുവനന്തപുരം പട്ടം സ്വദേശിനിയായ എം അഞ്ജനയുടെ പിതാവിന്റെ സ്വദേശം പാലാ ചേർപ്പുങ്കലിലാണ്. അടുത്തയാഴ്ച്ച സ്ഥാനമൊഴിയുന്ന അഞ്ജനയ്ക്ക് സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, പൊതു ഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് പുതിയ നിയമനം.