കോവിഡ്: കോട്ടയം ജില്ലയിൽ രോഗ വ്യാപന തോത് ഉയരുന്നു, അതിതീവ്ര വ്യാപന മേഖലയിലെയും തീവ്ര വ്യാപന മേഖലയിലെയും തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നു.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗ വ്യാപന തോത് ഉയരുന്നു. ജില്ലയിൽ പ്രതിദിനം ശരാശരി 500 നു മുകളിലാണ് പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമായി മുന്നോട്ടു കൊണ്ട് പോകുമ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വരാത്തത് ആശങ്കയുളവാക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച്ച ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചപ്പോൾ കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ 4 തദ്ദേശ സ്ഥാപനങ്ങളും തീവ്ര വ്യാപന മേഖലയിൽ 16 തദ്ദേശ സ്ഥാപന മേഖലകളുമാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ഒരാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം നടത്തിയ അവലോകനത്തിൽ ജില്ലയിൽ കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ 6 തദ്ദേശ സ്ഥാപനങ്ങളും തീവ്ര വ്യാപന മേഖലയിൽ 29 തദ്ദേശ സ്ഥാപന മേഖലകളുമാണ് ഉള്ളത്.

ജില്ലയിൽ രോഗബാധിതരുടെ എണ്ണം കുറയുന്നില്ല എന്നും രോഗവ്യാപന തോത് കുറയുന്നില്ല എന്നും ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നതാണ്. കഴിഞ്ഞ ആഴ്ച്ച ടി പി ആർ 5 ശതമാനത്തിൽ താഴെ 18 തദ്ദേശ സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വരെയുള്ള ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം ഗ്രീൻ സോണിലുള്ളത് 9 തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ്. ജൂലൈ ഏഴു മുതല്‍ 13 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഒരാഴ്ച്ചത്തേക്കുള്ള നിയന്ത്രണങ്ങൾക്കായി പരിഗണിച്ചത്. ജൂലൈ ഏഴു മുതല്‍ 13 വരെ ജില്ലയുടെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 9.69  ശതമാനമാണ്. കോട്ടയം ജില്ലയിൽ നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചു ശതമാനത്തില്‍ താഴെയുള്ള ഗ്രീൻ സോണായ എ കാറ്റഗറിയില്‍ ജില്ലയിലെ 9 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. പോസിറ്റിവിറ്റി നിരക്ക് അഞ്ചു മുതൽ  10 വരെയുള്ള  ബി കാറ്റഗറിയില്‍ 33ഉം 10 മുതല്‍ 15 വരെയുള്ള കോവിഡ് തീവ്ര വ്യാപന മേഖലയായ  സി കാറ്റഗറിയില്‍ 29ഉം മേഖലകളുണ്ട്. ടി.പി.ആര്‍ 15നു മുകളില്‍ നില്‍ക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിലുള്ളത് ആറു ഗ്രാമപഞ്ചായത്തുകളാണുള്ളത്.  കോട്ടയം ജില്ലയിൽ ഇതുവരെ ആകെ 205464 പേര്‍ കോവിഡ് ബാധിതരായി. 198359  പേര്‍ രോഗമുക്തി നേടി.