അൺലോക്ക് കോട്ടയം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും നാളെ പ്രഖ്യാപിക്കു


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും കോവിഡ് വ്യാപനം തടയുന്നതിന്റെയും ഭാഗമായി കോട്ടയം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും നാളെ പ്രഖ്യാപിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ പുതിയ വിഭാഗീകരണം അടിസ്ഥാനമാക്കിയായിരിക്കും അടുത്ത പ്രാഴ്ച്ചത്തേക്കുള്ള ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കുക.

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തും. നാളെ വരെയുള്ള സ്ഥിതി വിലയിരുത്തിയശേഷം ഏറ്റവും പുതിയ ശരാശരി പോസിറ്റിവിറ്റി നിരക്കിന്‍റെ  അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ നിര്‍ദേശമനുസരിച്ചുള്ള രോഗപ്രതിരോധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും ടി പി ആർ അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും ടി പി ആർ 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി പി ആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ ആയിരിക്കും. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും.

ടി പി ആർ അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ സെമി ലോക്ക് ഡൗൺ മേഖലയിലും ടി പി ആർ 10 മുതൽ 15 വരെയുള്ള തദ്ദേശ സ്ഥാപന മേഖലകൾ ലോക്ക് ഡൗൺ പരിധിയിലും ഉൾപ്പെടും. 15 ന് മുകളിൽ ടി പി ആർ ഉള്ള പ്രദേശങ്ങൾ കോവിഡ് അതിതീവ്ര വ്യാപന മേഖലകളായി കണക്കാക്കി ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂലൈ 5 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ 3 ഗ്രാമപഞ്ചായത്തുകൾ കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്.  14 തദ്ദേശ സ്ഥാപന മേഖലകൾ ലോക്ക് ഡൗൺ പരിധിയിൽ ഉൾപ്പെടും. പനച്ചിക്കാട്,അകലക്കുന്നം,കാരൂർ മേഖലകളാണ് നിലവിൽ ടി പി ആർ 15 ശതമാനത്തിനു മുകളിൽ നിനിൽക്കുന്ന കോവിഡ് അതിതീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ടി പി ആർ 10 മുതൽ 15 വരെയുള്ള തദ്ദേശ സ്ഥാപന മേഖലകൾ ലോക്ക് ഡൗൺ പരിധിയിൽ കുറിച്ചി,വാകത്താനം,കുമരകം, കൂരോപ്പട,നെടുംകുന്നം,ചങ്ങനാശ്ശേരി, മുണ്ടക്കയം,പായിപ്പാട്,മുളക്കുളം, പാമ്പാടി,അയ്മനം,മണർകാട്,വാഴപ്പള്ളി,അയർക്കുന്നം മേഖലകൾ ഉൾപ്പെടുന്നുണ്ട്. ടി പി ആർ അഞ്ചു മുതൽ 10 വരെയുള്ള മേഖലകളിൽ സെമി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും. 42 തദ്ദേശ സ്ഥാപന മേഖലകളിലാണ് ഈ പരിധിയിൽ ഉൾപ്പെടുന്നത്.  18 തദ്ദേശ സ്ഥാപന മേഖലകൾ  ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ ആണ്. ഈ മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ജൂലൈ 5 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിഭാഗീകരണമാണ് ഇത്. ബുധനാഴ്‌ച്ചവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാകും ഇളവുകളും നിയന്ത്രണങ്ങളും പുനഃക്രമീകരിക്കുക.