ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് റോഡ് നവീകരണം പൂര്‍ത്തിയാക്കണം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്


ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി  മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

  ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളുടെ നവീകരണത്തിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കി പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. ശബരിമലയുമായി ബന്ധപ്പെട്ട റോഡ് നവീകരണ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് അതത് എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ ചേരണം. 243.82 കോടി രൂപ പ്രൊപ്പോസല്‍ വരുന്ന ശബരിമലയിലേക്കുള്ള 189 ലീഡിംഗ് റോഡുകളുടെ പദ്ധതി നിര്‍ദേശം എംഎല്‍എമാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റോഡുകളുടെ നിര്‍മാണം മുന്‍ഗണനാ ക്രമം അനുസരിച്ച് ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കും. സുഗമമായ തീര്‍ഥാടനത്തിന് ട്രാഫിക്ക് സുരക്ഷ വളരെ പ്രധാനമാണെന്നും അതിനുവേണ്ട നടപടികള്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.

  ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് മലയോര ഹൈവേ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ധാരാളം തീര്‍ഥാടകര്‍ എത്തുന്ന റോഡ് ആയതിനാല്‍ തന്നെ, മറ്റ് റോഡുകളുടെ നവീകരണത്തോടൊപ്പം പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണം. നേരത്തെ നിര്‍മാണം തുടങ്ങിയിട്ടുള്ള റോഡുകളും പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

 ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അടൂര്‍ നിയോജകമണ്ഡലത്തിലെ കെപി റോഡിന്റെ ഓടകള്‍ നവീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഇരട്ടപ്പാലം നിര്‍മാണം വേഗം പൂര്‍ത്തീകരിക്കണം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആനയടി-കൂടല്‍ റോഡിന്റെ നിര്‍മാണം വേഗത്തിലാക്കണമെന്നും പന്തളം കുരമ്പാല-പുത്തന്‍കാവ്-മണികണ്ഠന്‍ ആല്‍ത്തറ റോഡ് നിര്‍മാണം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ശബരിമല റോഡ് നവീകരണവുമായി ബന്ധപ്പെട്ട് 2019, 2020 കാലഘട്ടത്തില്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല നിയോജകമണ്ഡലത്തിലെ കവിയൂര്‍- ചങ്ങനാശേരി റോഡിന്റെ ബി.സി ടാറിംഗ് നടത്തുന്നതിനും തിരുവല്ല ബൈപ്പാസ് റോഡിലേക്ക് അപകടമായി വളര്‍ന്നു നില്‍ക്കുന്ന കാട് തെളിക്കുന്നതിനും നിര്‍ദേശം നല്‍കണമെന്നും എംഎല്‍എ പറഞ്ഞു.

 പുനലൂര്‍-മൂവാറ്റുപുഴ മലയോര ഹൈവേ റോഡ് പ്രവര്‍ത്തികള്‍ നടത്തുന്നതിനോടൊപ്പം കോന്നി മണ്ഡലത്തിലെ ബൈറോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പ്ലാപ്പള്ളി-അച്ചന്‍കോവില്‍ റോഡിന്റെ സ്ഥിതി മോശമാണെന്നും ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്നും എംഎല്‍എ പറഞ്ഞു.

  റാന്നി നിയോജകമണ്ഡലത്തിലെ മണ്ണാറക്കുളഞ്ഞി-പമ്പാ റോഡിലെ പെരുനാട് വരെയുള്ള ഭാഗം അടിയന്തരമായി നവീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

 കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പൊന്‍കുന്നം റോഡിന്റെയും മറ്റ് റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു. 26-ാം മൈല്‍ - എരുമേലി റോഡിലെ പാലം അപകടാവസ്ഥയില്‍ ആണെന്നും ഇതു ബലപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ട- പീരുമേട് റോഡ് നവീകരണം വേഗത്തിലാക്കണമെന്നും ഈ റോഡ് അടിയന്തരമായി റീ ടാര്‍ ചെയ്തു പുനരുദ്ധരിക്കണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു.

  പ്ലാപ്പള്ളി- നിലയ്ക്കല്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗമാക്കുന്നതിന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് റോഡ്‌സ്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. 

 പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, പിഡബ്ല്യുഡി റോഡ് വിഭാഗം ചീഫ് എന്‍ജിനിയര്‍ അജിത് രാമചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.