അൺലോക്ക് കോട്ടയം: ഇളവുകളിൽ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടാകരുത്.


കോട്ടയം: സംസ്ഥാനത്ത് വ്യാപക ലോക്ക് ഡൗൺ പിൻവലിക്കുകയും തദ്ദേശ സ്ഥാപന മേഖലകൾ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടാകരുത് എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു.

ഓരോ തദ്ദേശ സ്ഥാപന മേഖലകളിലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകൾ ആഘോഷമാക്കരുത് എന്നും നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണം എന്നും ജില്ലാ കളക്ടർ പറഞ്ഞു. തദ്ദേശ സ്ഥാപന മേഖലകളെ 4 ആയി തിരിച്ചാണ് നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നു പോലീസ് ഉറപ്പാക്കും.

നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കർശന പരിശോധനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. പോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിലുള്ള  ഡി കാറ്റഗറിയില്‍ പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ നിലവില്‍ ജില്ലയില്‍ ഇല്ല. മൂന്നാം ഘട്ട വ്യാപനമെന്ന മുന്നറിയിപ്പുകൂടി കണക്കിലെടുത്ത് പ്രതിരോധവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ അശ്രദ്ധയുണ്ടാവാതെ ജനങ്ങളും, ഇതുമായി ബന്ധപ്പെട്ട കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ചയുണ്ടാവാതെ പോലീസും ജാഗ്രത പുലര്‍ത്തണം എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്ന തദ്ദേശ സ്ഥാപന മേഖലകളിൽ അവ കൃത്യമായി പാലിക്കണം. അനുവദിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങളും പ്രവർത്തനങ്ങളും അനുവദനീയമായ സമയ പരിധിക്കുള്ളിൽ അനുവദനീയമായ ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ എന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

നിയന്ത്രണങ്ങള്‍  കൃത്യമായി  പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005  എന്നിവ  പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെയും  ഇൻസിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ പറഞ്ഞു.