തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ മദ്യവില്‍പ്പന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചതിനാൽ മദ്യവില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണം എന്നും ,ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും എന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു.
മദ്യവില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള മേഖലകളിൽ മാത്രമാണ് മദ്യവില്‍പ്പന കേന്ദ്രങ്ങളും ബാറുകളും തുറന്നു പ്രവർത്തിക്കുക. ബീവറേജസ് ഔട്ലെറ്റുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയും ബാര്‍,ബിയര്‍ പാര്‍ലറുകള്‍ എന്നിവയ്ക്ക് 11 മണി മുതല്‍ വൈകിട്ട് 7 മണി വരെയുമാണ് പ്രവര്‍ത്തനാനുമതി. ശനി, ഞായര്‍ ദിവസങ്ങളില്‍ കള്ളുഷാപ്പുകള്‍ ഒഴികെയുള്ളവ തുറക്കില്ല.
ജീവനക്കാരും, മദ്യം വാങ്ങാന്‍ എത്തുന്നവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. മദ്യം വില്‍ക്കുന്ന ഇടങ്ങളുടെ പരിസരങ്ങള്‍ അണുവിമുക്തമാക്കണം. സാമൂഹിക അകലം പാലിക്കാനുള്ള അടയാളം, ബാരിക്കേഡ് എന്നിവ ഉണ്ടാവണം. ജില്ലയിൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പോലീസ് പരിശോധന ശക്തിപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.