മുന്‍ഗണനാ റേഷന്‍ കാര്‍ഡ്: അനര്‍ഹര്‍ക്ക് ഒഴിവാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും, ജില്ലയില്‍ ഇതുവരെ അപേക്ഷ നല്‍കിയത് 1319 പേര്‍.


കോട്ടയം: അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പൊതു വിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനുള്ള സമയപരിധി നാളെ(ജൂണ്‍ 30) അവസാനിക്കും. ഇതിനു ശേഷവും  പി.എച്ച്.എച്ച്(പിങ്ക്), എ.എ.വൈ(മഞ്ഞ), എന്‍.പി.എസ്(നീല) കാര്‍ഡുകള്‍ അനര്‍ഹമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഉണ്ണികൃഷ്ണകുമാര്‍ അറിയിച്ചു.

ഇവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും വാങ്ങിയ സാധനങ്ങളുടെ വിപണി വില പിഴയായി ഈടാക്കുകയും ചെയ്യും. ഉദ്യോഗസ്ഥരാണെങ്കില്‍  വകുപ്പുതല നടപടികള്‍ക്ക് പുറമേ ക്രിമിനല്‍ നടപടികളും നേരിടേണ്ടി വരും. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന നിരവധി പേര്‍ അനര്‍ഹമായി  മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയുള്ളവര്‍ക്ക് സ്വയം ഒഴിവാകുന്നതിന് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചത്. ഈ സമയപരിധിക്കുള്ളില്‍ പൊതു വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷ നല്‍കുന്നവര്‍ക്ക് പിഴയടയ്ക്കുകയോ ശിക്ഷാ നടപടികള്‍ നേരിടുകയോ വേണ്ടതില്ല.

കോട്ടയം ജില്ലയില്‍ നിലവില്‍ ആകെ 535855 റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. എ.എ.വൈ-35356, പി.എച്ച്.എച്ച്-173097, എന്‍.പി.എന്‍.എസ്-191591, എന്‍.പി.എസ്-130317, എന്‍.പി.ഐ-5495 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലുള്ള കാര്‍ഡുകളുടെ എണ്ണം. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍നിന്നും പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് ജൂണ്‍ ഒന്നു മുതല്‍ 27 വരെ ജില്ലയില്‍ 1319 പേരാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 758 കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലുള്ളതാണ്. എന്‍.പി.എസ് വിഭാഗത്തിലെ 386 കാര്‍ഡുകളും എ.എ.വൈ വിഭാഗത്തിലെ 175 കാര്‍ഡുകളുമുണ്ട്. കോട്ടയം താലൂക്കില്‍നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്-459 എണ്ണം.

ചങ്ങാശേരി-214, കാഞ്ഞിരപ്പള്ളി-282, മീനച്ചില്‍-229, വൈക്കം-135 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍നിന്ന് ലഭിച്ച അപേക്ഷകളുടെ എണ്ണം.  നിരവധി പേര്‍ ഇനിയും അപേക്ഷ നല്‍കാനുണ്ട്. മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ അനര്‍ഹമായി ഉപയോഗിക്കുന്നവരില്‍ പലരും പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് വിമുഖത കാട്ടുന്ന സാഹചര്യത്തില്‍ പൊതുവിതരണ വകുപ്പ്  അധികൃതര്‍ വീടുകളിലെത്തി കാര്‍ഡുകള്‍ പരിശോധിച്ചു തുടങ്ങി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്നലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പെരിങ്ങളം മേഖലകളില്‍  നടത്തിയ പരിശോധനയില്‍ ഇത്തരം നാല്‍പ്പതോളം കാര്‍ഡുകള്‍ കണ്ടെത്തി. നിശ്ചിത സമയപരിധിക്കുള്ളില്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ നല്‍കാന്‍ കാര്‍ഡ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നും നാളെയും ജില്ലയിലെ മറ്റു മേഖലകളിലും വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തും.

അനര്‍ഹര്‍ ആരൊക്കെ? 

·സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖലാ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി അടയ്ക്കുന്നവര്‍ 

·പ്രതിമാസം 25,000 രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍.

·ഒരു ഏക്കറില്‍ അധികം ഭൂമിയുള്ളവര്‍

·1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ 

·ഏക ഉപജീവനമാര്‍ഗമല്ലാത്ത നാലുചക്ര വാഹനം ഉള്ളവര്‍

പൊതു വിഭാഗത്തിലേക്ക് മാറുന്നത് ഇങ്ങനെ:

·താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ ഈ മെയില്‍ വഴിയോ അപേക്ഷ നല്‍കണം .  

·താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ്  ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ ഓഫീസുകളിലോ  ഔദ്യോഗിക മൊബൈല്‍  നമ്പരുകളിലോ ബന്ധപ്പെട്ട് വിവരം അറിയിക്കാം. 

ഫോണ്‍ നമ്പരുകള്‍

ജില്ലാ സപ്ലൈ ഓഫീസ്-0481 2560371

ഇ-മെയില്‍: dsoktm1@gmail.com

താലൂക്ക് സൈപ്ലൈ ഓഫീസുകള്‍

കോട്ടയം-0481 2560494

ഇ-മെയില്‍: tsoktm@gmail.com

ചങ്ങനാശേരി- 0481 2421660

ഇ-മെയില്‍: tsochry@gmail.com

മീനച്ചില്‍- 0482 2212439 

ഇ-മെയില്‍: tsomncl@gmail.com

കാഞ്ഞിരപ്പള്ളി- 04828 202543 

ഇ-മെയില്‍: tsokjply@gmail.com

വൈക്കം- 04829 231269 

ഇ-മെയില്‍: vaikomtso@gmail.com