നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്‍റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്, യുവാവിനെ പോലീസ് പിടികൂടിയത് ഉഴവൂർ സ്വദേശിനിയുടെ പരാതിയിൽ.


കോട്ടയം: നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്‍റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിൽ. കുമാരനല്ലൂരിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്ര(35)നെയാണ് രാത്രി പോലീസ് പിടികൂടിയത്. കോട്ടയം ഉഴവൂർ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തിരുന്നു.

ഇയാൾ ഒളിവിൽ താമസിച്ചിരുന്ന തൃശൂർ അത്താണി മിണാലൂരിലെ ഫ്ലാറ്റിൽ നിന്നാണ് പോലീസ് പ്രതിയെ നാടകീയമായി പിടികൂടിയത്. നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് താനെന്നുള്ള വ്യാജ രേഖ ചമച്ചാണ് ഇയാൾ നിരവധിപ്പേർക്ക് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയത്. ഉഴവൂർ സ്വദേശിനിക്കൊപ്പം നിരവധിപ്പേരോട് ഇയാൾ ജോലി ബാഗ്ദാനം ചെയ്തു പണം തട്ടിയിട്ട് എന്ന് പോലീസ് പറഞ്ഞു. ഉഴവൂർ സ്വദേശിനിയുടെ പരാതിയിൽ ഗാന്ധിനഗർ പോലീസാ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തൃശ്ശൂരിൽ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതും പ്രതിയെ നാടകീയമായി പിടികൂടിയതും.

ഇയാളെ തൃശ്ശൂരിൽ നിന്നും കോട്ടയത്ത് എത്തിച്ചു. തട്ടിപ്പ് നടന്നതായി സംശയം തോന്നിയ യുവതി സ്പീക്കർ എം ബി രാജേഷിനെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പു പുറത്താകുന്നത്. യുവതി ഫോണിൽ വിവരമറിയിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയുന്നതും ഡി ജി പി യെ ഇക്കാര്യം ധരിപ്പിക്കുകയും കോട്ടയം ജില്ലാ പോലീസ് മേധാവിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയുമായിരുന്നു. ഇയാളുമായി തനിക്കോ തന്റെ ഓഫീസിനോ യാതൊരുവിധ ബന്ധവും ഇല്ലെന്നും കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിൽ നിന്നും വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.

ജല അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത 10000 രൂപ വാങ്ങിയതായാണ് പരാതി. പ്രതിക്കെതിരെ കോട്ടയം ജില്ലയിൽ മാത്രം ആറു പരാതികൾ ലഭിച്ചതായാണ് വിവരം. മൂന്നെണ്ണം ഗാന്ധിനഗർ സ്റ്റേഷനിലും മുണ്ടക്കയത്ത് രണ്ടു പരാതികളും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒരു പരാതിയും ലഭിച്ചതായാണ് വിവരം. പ്രതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്.