പെരുംതേനരുവിയിൽ കാണാതായ പൊൻകുന്നം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.


എരുമേലി: എരുമേലി വെച്ചൂച്ചിറ പെരുംതേനരുവിയിൽ കാണാതായ പൊൻകുന്നം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊന്‍കുന്നം ചിറക്കടവ് തുറുവാതുക്കല്‍ എബി സാജന്റെ (22) മൃതദേഹം ആണ് ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകർ ഇന്ന് രാവിലെ 5 മണിയോടെ കണ്ടെത്തിയത്.

വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു കുടുംബാംഗങ്ങളുമൊത്ത് പെരുംതേനരുവി കാണാനെത്തിയ എബി കാല്‍ വഴുതി വെള്ളത്തില്‍ വീണത്. മൂന്നാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. നന്മക്കൂട്ടം അംഗങ്ങളായ കെ.കെ.പി അഷ്‌റഫ് കുട്ടി, മുഹമ്മദ് റാഫി എം.എന്‍ എന്നിവരാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും, എന്‍.ഡി.ആര്‍ഫും, ടീം നന്മക്കൂട്ടവും രണ്ട് ദിവസമായി ക്യാമ്പ് ചെയ്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.

നന്മക്കൂട്ടത്തിന്റെ 17 പേരടങ്ങുന്ന സംഘമാണ് പെരുംതേനരുവിയിൽ തെരച്ചിൽ നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ മൂന്നാമത്തെ മൃതദേഹമാണ് ടീം നന്മക്കൂട്ടം കണ്ടെടുത്തത്ത്. മണിമല ആറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെയും, ഇടുക്കി ഉപ്പുതറയില്‍ മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹവും നന്മക്കൂട്ടമാണ് കണ്ടെത്തിയത്.

ഈരാറ്റുപേട്ടയുടെ നന്മക്കൂട്ടം.

ഈരാറ്റുപേട്ടയിലെ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപറ്റം യുവാക്കളുടെ സംഘമാണ് നന്‍മക്കൂട്ടം. ഇതിലെ അംഗങ്ങള്‍ പലരും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സാഹസിക സേവനരംഗത്തുള്ളവരാണ്. നാലുവര്‍ഷം മുമ്പാണ് ഇവര്‍ ചേര്‍ന്ന് ടീം നന്‍മകൂട്ടം എന്ന കൂട്ടായ്മ രൂപീകരിച്ചത്.

അപകടങ്ങളും ദുരന്തങ്ങളുമുണ്ടാവുന്ന സ്ഥലങ്ങളില്‍ ടീം അംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 49 മൃതദേഹങ്ങള്‍ ഇതിനോടകം ഇവർ മുങ്ങിയെടുത്തിട്ടുണ്ട്. തഹസില്‍ദാര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, പോലിസ്, തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികള്‍ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നന്മക്കൂട്ടത്തിന്റെ സേവനം ആവശ്യപ്പെടാറുണ്ട്. ഒരു ബോട്ട്, ജലാശയങ്ങളില്‍ തിരച്ചിലിന് ഇറങ്ങാന്‍ വലിയ ട്യൂബുകള്‍, വടം എന്നിവമാത്രമാണ് ഇവര്‍ക്ക് സ്വന്തമായിയുള്ളത്. അന്നന്ന് ജോലിക്കുപോയി ഉപജീവനമാര്‍ഗം നടത്തുന്ന സാധാണക്കാരാണ് ഈ സംഘത്തിലെ എല്ലാവരും.

ഓരോ സ്ഥലങ്ങളില്‍ പോകുമ്പോഴും സ്വന്തമായി പണം മുടക്കിയാണ് വഹനങ്ങള്‍ക്ക് ഇന്ധനമടിക്കുന്നതും മറ്റുചിലവുകളും നടത്തുന്നത്. ഇതുപോലുള്ള ടീമുകള്‍ക്കുള്ള ആനുകൂല്യങ്ങളും മറ്റു ഇന്‍ഷ്യുറന്‍സ് പദ്ധതികളും സഹായങ്ങളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ സേവനതല്പരരായ ഇവർക്ക് വലിയ പ്രചോദനമാകും. പെരുന്തേനരുവിലില്‍ ഇന്ന് തിരച്ചിലിന് ടീം അംഗങ്ങളായ അഷ്‌റഫ്കുട്ടി, മുഹമ്മദ് റാഫി  അന്‍സില്‍, ഹാരിസ് പുളിക്കില്‍, ഷിഹാബ് തെക്കേക്കര എന്നിവരുമുണ്ടായിരുന്നു.