മുണ്ടക്കയം ബെവ്‌കോയിലെ മദ്യക്കടത്ത്: മാനേജർക്ക് സസ്‌പെൻഷൻ, താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടാനും നിർദ്ദേശം.


മുണ്ടക്കയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൂട്ടിയിട്ടിരുന്ന മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും ലിറ്റർ കണക്കിന് മദ്യം കടത്തിയ സംഭവത്തിൽ ബെവ്‌കോ മുണ്ടക്കയം ഔട്ട്ലെറ്റ് മാനേജരെ ബിവറേജസ് കോർപ്പറേഷൻ സസ്‌പെൻഡ് ചെയ്തു.

രാത്രിയുടെ മറവിൽ ജീവനക്കാർ മദ്യം കടത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് എക്സൈസും ബിവറേജസ് കോർപ്പറേഷൻ ഓഡിറ്റ് വിഭാഗവും പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയത് ആയിരത്തിലധികം ലിറ്റർ മദ്യം ഔട്ട്ലെറ്റിൽ നിന്നും കടത്തിയതായാണ്. ഇതേത്തുടർന്നാണ് ഔട്ട്ലെറ്റ് മാനേജർ സൂരജ് സുരേന്ദ്രനെ ബിവറേജസ് കോർപ്പറേഷൻ സസ്‌പെൻഡ് ചെയ്തത്.

സംഭവത്തിൽ ജീവനക്കാർക്ക് പങ്കുണ്ടെന്നു തെളിഞ്ഞതോടെ താത്കാലിക ജീവനക്കാരായ ഡോൺ മാത്യു, ശിവജി ,സനൽ എന്നിവരെ ജോലിയിൽ നിന്നും പിരിച്ചുവിടാനും കോർപ്പറേഷൻ നിർദ്ദേശം നൽകി. മറ്റു രണ്ടു  ജീവനക്കാരെ സ്ഥലം മാറ്റാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. മറ്റു ഔട്ട്ലെറ്റുകളിലും സമാന രീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ബിവറേജസ് കോർപ്പറേഷൻ ഓഡിറ്റ് വിഭാഗം പരിശോധിക്കുന്നുണ്ട്.