മുളക്കുളം-വടയാർ-മുട്ടുചിറ റോഡ് വികസനത്തിന് അനുമതി ലഭിച്ചിരുന്ന 110 കോടിയുടെ നിർമ്മാണ പദ്ധതി മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയത്


കടുത്തുരുത്തി: മുഖ്യമന്ത്രിയുടെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2019 - 20 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയ 110 കോടി രൂപയുടെ റോഡ് വികസന പദ്ധതി മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയത് ഏറ്റവും സ്വാഗതാർഹമാണെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

കടുത്തുരുത്തി - വൈക്കം അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഗ്രാമീണ റോഡുകളെ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിയെന്ന നിലയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പ്രോജക്ടിന് രൂപം നൽകിയിട്ടുള്ളതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ റീ ബിൽഡ് കേരള പദ്ധതിയിൽ എംഎൽഎമാരായ അഡ്വ. മോൻസ് ജോസഫ്, സി.കെ ആശ എന്നിവർ കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളുടെ പൊതുവായ ആവശ്യം എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനും, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും പദ്ധതി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തൊട്ടാകെ വിവിധ റോഡുകൾ ഉൾപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച കഴിഞ്ഞ വർഷത്തെ ഉത്തരവിൽ ഈ റോഡുകൾ ചേരാൻ സാഹചര്യമുണ്ടായത്.

ഏറ്റുമാനൂർ-എറണാകുളം റോഡിൽ മുട്ടുചിറയിൽ നിന്ന് ആരംഭിച്ച് ആയാംകുടി - എഴുമാന്തുരുത്ത്-കല്ലാട്ടിപ്പുറം-വടയാർ-തലയോലപ്പറമ്പ്-ചന്തപ്പാലം-വെട്ടിക്കാട്ട്മുക്ക്-വെള്ളൂർ വഴി മുളക്കുളത്ത് എത്തുന്ന വിധത്തിലാണ് 23.5 കിലോമീറ്റർ ദൂരം റോഡ്   വികസന പദ്ധതിക്ക് രൂപം  നൽകിയിട്ടുള്ളതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. കടുത്തുരുത്തി, പെരുവ, തലയോലപ്പറമ്പ് തുടങ്ങിയ വിവിധ പ്രധാന പട്ടണങ്ങളിലെ ഗതാഗത തിരക്ക് ഒഴിവാക്കി യാത്രക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന വിവിധ സമാന്തര റോഡുകൾ ഉന്നത നിലവാരത്തിലേക്ക് മാറ്റിയെടുക്കുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി റോഡ് വികസന പദ്ധതി ടെണ്ടർ ചെയ്തിട്ടുള്ളതാണ്. നാല് കമ്പനികളാണ് പ്രവർത്തി ക്വോട്ട് ചെയ്തിട്ടുള്ളത്.