ജില്ലയിൽ ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ അനുവദിക്കില്ല; ജില്ലാ പോലീസ് മേധാവി.


കോട്ടയം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 16 വരെ നീട്ടിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ ഏവരും പാലിക്കുന്നതില്‍ തുടര്‍ന്നും സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്.

അടച്ചിടലുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഈ മാസം 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായ അസംസ്‌കൃത വസ്തുക്കള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമേ പ്രവര്‍ത്തന അനുമതിയുള്ളു.

ബാങ്കുകള്‍ നേരത്തേതുപോലെ ആഴ്ചയില്‍ മൂന്നുദിവസം പ്രവര്‍ത്തിക്കും. സ്റ്റേഷനറി, സ്വര്‍ണക്കടകള്‍, ചെരുപ്പുകടകള്‍, കണ്ണടകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ വെള്ളി ഒരുദിവസം മാത്രം. വാഹന ഷോറൂമുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ മാത്രമായി തുറക്കാം. പൊതുസ്ഥലങ്ങളിൽ ആള്‍ക്കൂട്ടം അനുവദിക്കില്ല. സാമൂഹിക അകലം, മാസ്‌ക് ഉപയോഗം, എന്നിവ കർശനമായി പരിശോധിക്കും. പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കണം. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിലും മുൻപിലും ആൾക്കൂട്ടം പാടില്ല.