പ്രതിസന്ധികളെ ചെറു പുഞ്ചിരിയിലൊതുക്കി പ്രചോദനത്തിന്റെ വെളിച്ചം പകർന്ന ലത്തീഷ അൻസാരി വിടവാങ്ങി.


എരുമേലി: പ്രതിസന്ധികളെ ചെറു പുഞ്ചിരിയിലൊതുക്കി പ്രചോദനത്തിന്റെ വെളിച്ചം പകർന്ന ലത്തീഷ അൻസാരി(27) വിട വാങ്ങി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് മരണം സംഭവിച്ചത്.

വൈകല്യങ്ങളെയും ജീവിതത്തിലെ പ്രതിസന്ധികളെയും ചെറു പുഞ്ചിരിയിൽ നേരിട്ട ലത്തീഷ അനേകർക്ക് തന്റെ ജീവിത നേട്ടങ്ങളിൽക്കൂടി പ്രചോദനത്തിന്റെ വെളിച്ചം പകർന്നാണ് കടന്നു പോയിരിക്കുന്നത്. 24 മണിക്കൂറും ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് ലത്തീഷ ജീവൻ നിലനിർത്തിയിരുന്നത്. ജന്മനാ എല്ലുകൾ പൊടിയുന്ന രോഗമായ ബ്രിട്ടിൽ ബോൺ അഥവാ ഓസ്റ്റിയോജനസിസ് ഇംപെർഫക്ട എന്ന അപൂർവ്വ രോഗവുമായാണ് ലത്തീഷ ജനിച്ചത്.

എന്നാൽ തന്റെ പോരായ്മാകളെ ഒട്ടും കൂസാതെ ജീവിത വിജയത്തിന്റെ പടികൾ ഒന്നൊന്നായി കയറാൻ തന്റെ മനസ്സിന്റെ ശക്തിക്കൊപ്പം കുടുംബത്തിന്റെ പ്രചോദനവും ഒത്തൊരുമിച്ചപ്പോൾ ജീവിതത്തിൽ വിജയങ്ങൾ സ്വന്തമാക്കുകയായിരുന്നു ഈ കുഞ്ഞനുജത്തി.എരുമേലി എം.ഇ.എസ് കോളേജിൽ നിന്നും എം.കോം പൂർത്തിയാക്കിയ ലത്തീഷ സിവിൽ സർവ്വീസ് എന്ന തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള തീവ്ര തയ്യാറെടുപ്പിനിടെയാണ് മരണം കവർന്നെടുത്തത്.

ഹൃദയത്തില്‍ പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അസുഖം ബാധിച്ചതോടെയാണ് ശ്വസിക്കുന്നതിനായി ഓക്സിജൻ കൃത്രിമമായി ലഭ്യമാക്കേണ്ട നിലയിലെത്തിയത്. 24 മണിക്കൂറും ഓക്സിജൻ സിലിണ്ടറിന്റെ സഹായത്താലാണ് ലത്തീഷ ശ്വസിക്കുന്നത്. എരുമേലി ബസ് സ്റ്റാൻഡിനു സമീപം ഹോട്ടൽ ബിസിനസ് നടത്തുന്ന പുത്തന്‍വീട്ടില്‍ അൻസാരി-ജമീല ദമ്പതികളുടെ രണ്ടു പെൺമക്കളിൽ ഇളയവളാണ് ലത്തീഷ. തളരാത്ത ജീവിത വിജയത്തിന് പ്രചോദനമായി ലത്തീഷയ്ക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.