ആർച്ച സർവ്വീസ് മുടക്കില്ല, കുടുംബചിത്രത്തിന്റെ ഡബിൾ ബെല്ലിൽ അതിജീവനത്തിന്റെ പുത്തൻ അദ്ധ്യായം തീർത്ത് ബസ്സ് ഉടമയും കുടുംബവും.


കോട്ടയം: പതിനാറിൽചിറ-മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ആർച്ച ബസ്സ് ഇന്നൊരു പ്രചോദനമാണ്. പ്രതിസന്ധികളിൽ തോറ്റുകൊടുക്കാതെ മുന്നേറാനുള്ള പാഠങ്ങൾ പഠിക്കുകയും മറ്റുള്ളവർക്ക് പ്രചോദനം നൽകുകയുമാണ് ആർച്ച ബസ്സും ബസിന്റെ ഉടമയുടെ കുടുംബവും. പതിനാറിൽച്ചിറ സ്വദേശിയായ ടി എസ് സുനിൽകുമാറാണ് ബസ്സിന്റെ ഉടമ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇദ്ദേഹവും ബസ്സ് സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു. ഒന്നാംഘട്ട ലോക്ക് ഡൗണിനു ശേഷം ബസ്സിൽ നിന്നുള്ള വരുമാനം കുറഞ്ഞതിനാൽ കണ്ടക്ടറായി വേഷമിടുകയായിരുന്നു ആദ്യം സുനിൽകുമാർ. യാത്രക്കാരുടെ കുറവും വരുമാനനഷ്ടവും ഇത്തരത്തിൽ ആദ്യമായാണെന്നു സുനിൽകുമാർ പറയുന്നു. ബസ്സിലെ തൊഴിലാളികൾ ലോക്ക് ഡൗണിൽ മറ്റു തൊഴിലുകൾ തേടി പോയപ്പോൾ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായ സർവ്വീസ് അവസാനിപ്പിക്കാൻ സുനിൽകുമാർ തയ്യാറായില്ല.

ഡ്രൈവറായും കണ്ടക്ടറായും ചെക്കറായും ഒരേസമയം വേഷമിട്ടു. പുറപ്പെടുന്നതിനു മുൻപ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുകയും മറ്റു സ്റ്റോപ്പുകളിൽ നിന്നും കയറുന്നവർ ബസ്സിലെ ഡ്രൈവർ സീറ്റിനടുത്തെത്തി പണം നൽകുകയുമായിരുന്നു. 22 വർഷമായി മുടങ്ങാതെ സർവ്വീസ് നടത്തുന്ന ബസ്സാണ് തന്റേതെന്ന് ഉടമ സുനിൽകുമാർ പറഞ്ഞു. നഷ്ടത്തിലായിട്ടും തുച്ഛവരുമാനത്തിൽ ഏക വരുമാനമാർഗ്ഗമായ ബസ്സ് സർവ്വീസ് നടത്തിക്കൊണ്ടു പോകുകയായിരുന്നു എന്ന് സുനിൽകുമാർ പറഞ്ഞു. ശ്രീനിവാസൻ തിരക്കഥയൊരുക്കി സത്യൻ അന്തികാട് സംവിധാനം ചെയ്ത 1989 ൽ പുറത്തിറങ്ങിയ 'വരവേൽപ്പ്' സിനിമയെ അനുസ്മരിപ്പിക്കുംവിധമാണ് ഈ ബസ്സിന്റെ ഇപ്പോഴത്തെ ഓട്ടം.

എന്നാൽ രണ്ടാമതും കോവിഡ് വീണ്ടും പിടി മുറുകിയതോടെ കുടുംബ ബഡ്‌ജറ്റ്‌ താളം തെറ്റി. ലോക്ക് ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ ഗതാഗത വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് സർവ്വീസ് പുനരാരംഭിക്കുകയായിരുന്നു. ഒറ്റയക്കത്തിൽ അവസാനിക്കുന്ന ആർച്ച ബസ്സ് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. ഏക വരുമാന മാർഗ്ഗമായി ബസ്സ് സർവ്വീസ് നിലനിർത്താനും ചെറുതെങ്കിലും ഒരു തുക കുടുംബത്തിന് ലഭിക്കുന്നതിനായി സുനിൽകുമാറിന്റെ ഭാര്യയും മകളും ഇപ്പോൾ ഒപ്പമുണ്ട്.

ഡ്രൈവർ സീറ്റിൽ ഉടമ സുനിൽകുമാറും ഉച്ചവരെ കണ്ടക്ടറായി ഭാര്യ രമ്യയും ഉച്ചക്ക് ശേഷം മകൾ ആർച്ചയുമാണ് ഒപ്പമുള്ളത്. രാവിലെ 8.45-ന് ആരംഭിക്കുന്ന സർവീസ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. യാത്രക്കാർ കുറവാണെങ്കിലും മുടക്കമില്ലാതെ ഈ വഴികളിൽ ആഴ്ച്ച ഓടിയെത്തുന്നുണ്ട് എന്ന് യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നു. ലോക്ക് ഡൗണിനു മുൻപ് പ്രതിദിനം 7000 രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 2500 രൂപ വരെ മാത്രമാണ് ലഭിക്കുന്നത് എന്ന് സുനിൽകുമാർ പറഞ്ഞു.