സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ക് ഡൗൺ, ഇളവ് അവശ്യ സേവനങ്ങൾക്ക് മാത്രം.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്‌ ഡൗൺ ആയിരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെയും മറ്റന്നാളും അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവ് അനുവദിക്കുന്നത്. ഹോട്ടലുകളിൽ ശനി ഞായർ ദിവസങ്ങളിൽ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. അവശ്യ സർവ്വീസിൽപ്പെട്ടവർക്കും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും മറ്റു സ്ഥാപനങ്ങൾക്കും മാത്രമാണ് പ്രവർത്തനാനുമതി.

ആശുപത്രി യാത്രയ്ക്ക് തടസമില്ല, രോഗികൾക്കും വാക്സിനേഷന് പോകുന്നവർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും മെഡിക്കൽ രേഖകളും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ 7 മണി മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിലും ബേക്കറികളിലും പാർസൽ നൽകുന്നതിന് മാത്രമായി രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം