വാക്സിൻ എത്താൻ താമസിച്ചു, മുൻഗണനാക്രമം നഷ്ട്ടപ്പെട്ടു, ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെ വാക്സിൻ വിതരണ കേന്ദ്രത്തിൽ തർക്കം.


ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിൽ ഇന്ന് കോവിഷീല്‍ഡ് വാക്സിൻ വിതരണം ചെയ്ത കേന്ദ്രങ്ങളിൽ ഒന്നായ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെ വാക്സിൻ വിതരണ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയവരും ജീവനക്കാരും തമ്മിൽ തർക്കം. ഇന്നലെ ഓൺലൈനായി ബുക്ക് ചെയ്യുകയും വാക്സിൻ സ്വീകരിക്കുന്നതിനായി സമയം അനുവദിച്ചു കിട്ടുകയും ചെയ്തിരുന്നു.

എന്നാൽ ഇന്ന് വിതരണം ചെയ്യാനുള്ള വാക്സിൻ എത്തിയത് ആദ്യ സ്ലോട്ട് അലോട്ട്മെന്റ് സമയം കഴിഞ്ഞു രാവിലെ 11 മണിക്കാണ്. 11 മണിക്ക് ശേഷമാണ് ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ വാക്സിൻ വിതരണം ആരംഭിച്ചത്. എന്നാൽ വാക്സിൻ ആദ്യ സമയ സ്ലോട്ട് രാവിലെ 9 മുതൽ 10 വരെയുള്ള സമയം ബുക്ക് ചെയ്തു 8 മണി മുതൽ കാത്തു നിന്നവരെ ഒഴിവാക്കി 11 മണിക്ക് ശേഷമുള്ളവരെ വാക്സിനേഷനായി വിളിച്ചതാണ് തർക്കത്തിന് കാരണമായത്. രാവിലെ മുതൽ എത്തിയവരെ നോക്കുകുത്തിയാക്കി നിർത്തിയ ശേഷം ജീവനക്കാർ വാക്സിൻ എത്തിയ സമയത്തിനു ശേഷമുള്ളവരെ വിളിക്കുകയായിരുന്നു എന്ന് ജനങ്ങൾ പറഞ്ഞു. ഇതാണ് തർക്കത്തിന് കാരണമായത്.

പൊതുജനങ്ങളും ജീവനക്കാരും തമ്മിൽ തർക്കം മുറുകിയതോടെ ജീവനക്കാർ വാക്സിൻ വിതരണ കേന്ദ്രത്തിന്റെ പ്രവേശന വാതിൽ അടയ്ക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ജനങ്ങൾ തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ വിവരങ്ങൾ വിളിച്ചറിയിക്കുകയും ഉദ്യോഗസ്ഥരെത്തി രാവിലെ മുതൽ മുൻഗണനാ ക്രമം അനുസരിച്ച് വാക്സിൻ ബുക്ക് ചെയ്തവരെ വാക്സിനേഷൻ മുറിയിലേക്ക് കയറ്റുകയുമായിരുന്നു. ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെ വാക്സിൻ വിതരണ കേന്ദ്രത്തിനു മുൻപിൽ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് എല്ലാവരും കൂട്ടം കൂടി നിൽക്കുന്നത്. കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിന് ജീവനക്കാരും ശ്രദ്ധ കാണിക്കാറില്ല.

കോവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്ന കെട്ടിടത്തിനോട് ചേർന്ന് തന്നെയാണ് വാക്സീൻ വിതരണ കേന്ദ്രവും സജ്ജമാക്കിയിരിക്കുന്നത്. വാക്സിനേഷനായി എത്തിയിരിക്കുന്നവരുടെ സമീപത്തുകൂടിയാണ് രോഗബാധിതരുമായി വരുന്ന വാഹനങ്ങളും കോവിഡ് സെന്ററിലേക്കും എത്തുന്നവർ കടന്നു പോകുന്നത്. ജീവനക്കാരുടെ അടുപ്പക്കാർക്കാണ് ആദ്യമാദ്യം വാക്സിൻ വിതരണം ചെയ്യുന്നതെന്നും ജനങ്ങൾ പരാതിപ്പെട്ടു. ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെ വാക്സിൻ വിതരണത്തിലെ അപാകതകൾ അധികാരികൾ ഇടപെട്ടു പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 

ചിത്രം:രാജീവ്.