ലോക്ക് ഡൗൺ അധിക നിയന്ത്രണങ്ങൾ: നാളെ മുതൽ ബുധനാഴ്ച്ച വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും;ജില്ലാ കളക


കോട്ടയം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ നാളെ മുതൽ ബുധനാഴ്ച്ച വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. നാളെ മുതൽ ജൂൺ 9 വരെ അനുമതി ലഭിച്ചിരിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്.

മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് ഈ ദിവസങ്ങളിൽ പ്രവർത്തനാനുമതിയില്ല. പലചരക്ക്, പച്ചക്കറി, പഴങ്ങൾ തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, ഹോട്ടലുകൾ, ബേക്കറികൾ, റേഷൻ കടകൾ എന്നിവയ്ക്കും പ്രവർത്തനാനുമതിയുണ്ട്. വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, ഇലക്ട്രിക്കൽ, പ്ലംബിങ് ഉപകരണങ്ങൾ തുടങ്ങി നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമേ ഈ ദിവസങ്ങളിൽ പ്രവർത്തനാനുമതിയുള്ളു.

പാൽ,പാലുൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, മത്സ്യം ,മാംസം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാം. കാലിത്തീറ്റ, കോഴി, കന്നുകാലി തീറ്റ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. അനുമതിയില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമം 2021 പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം 188,169 എന്നീ വകുപ്പുകൾ പ്രകാരവും ദുരന്ത നിവാരണ നിയമം 2005 പ്രകാരവും നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.