കോവിഡ് പ്രതിസന്ധിയിൽ ജില്ലയിലെ സ്വകാര്യ ബസ്സ് ഉടമകളും ജീവനക്കാരും.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗത്തിന്റെ ദുരിതക്കയത്തിൽ നിന്നും പതിയെ കരകയറുന്നതിനിടെയാണ് വീണ്ടും കോവിഡ് വ്യാപിക്കുന്നതും ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതും. ഇതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് ജില്ലയിലെ സ്വകാര്യ ബസ്സ് ഉടമകളും ജീവനക്കാരും.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സർവ്വീസ് അവസാനിപ്പിച്ച ബസുകളിലെ ജീവനക്കാർ ഇപ്പോൾ ദുരിതത്തിലാണ്. ഒരു മാസത്തോളമായി ജീവനക്കാരും ഒപ്പം ഉടമകളും ദുരിതത്തിലാണ്. ഒന്നാം തരംഗത്തിന് ശേഷം പൊതുഗതാഗതത്തിനു അനുമതി ലഭിച്ചെങ്കിലും ബസ്സുകളിൽ യാത്രക്കാർ കുറവായിരുന്നു. ദിവസേനയുള്ള ഇന്ധന വില വർധനവും മേഖലയ്ക്ക് തിരിച്ചടിയായി. സ്വകാര്യ ബസുകളിലെ ജീവനക്കാർ ഇപ്പോൾ താൽക്കാലികമായി മറ്റു തൊഴിലുകൾക്കു പോയാണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്.

എന്നാൽ മറ്റൊരു തൊഴിൽ ലഭിക്കാതെ ദുരിതത്തിൽ കഴിയുന്നവരും ജില്ലയിലുണ്ട്. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുമ്പോൾ എന്നുമുതലാണ് ബസ്സുകൾ ഓടിത്തുടങ്ങാനാവുക എന്ന ആശങ്കയിലും യാത്രക്കാരില്ലാതെ വന്നാൽ സർവ്വീസ് അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയിലുമാണ് ഉടമകളും ജീവനക്കാരും. പ്രതിസന്ധി കണക്കിലെടുത്തു നികുതിയിനത്തിൽ ഇളവ് നൽകണമെന്നാണ് ബസ്സ് ഉടമകളുടെ ആവശ്യം.