സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെട്ടേക്കില്ല, നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, തുടർനടപടികളിൽ തീരുമാനം നാളെ.


ഡൽഹി: കേന്ദ്ര ഐടി മന്ത്രാലയം 2021 ഫെബ്രുവരിയിൽ ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിർദ്ദേശിച്ച പുതിയ ഐടി നിയമം നടപ്പിലാക്കാനുള്ള കാലാവധി ഇന്ന് അവസാനിപ്പിക്കും. വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിലവിൽ ഇതുവരെ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. എന്നാൽ നാളെ മുതൽ സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെട്ടേക്കില്ല.

തുടർനടപടികളിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം നാളെയുണ്ടാകും.  ഓടിടി പ്ലാറ്റ്‌ഫോമുകൾക്കും ഈ നിയമം ബാധകമാണ്. എല്ലാ സമൂഹമാധ്യമങ്ങളിലും ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും സമൂഹമാധ്യമങ്ങളിൽ ഉള്ളടക്കങ്ങൾ പരിശോധിക്കുകയും പരാതികൾ പരിഹരിക്കുകയും ആവശ്യമെങ്കിൽ പോസ്റ്റ് നീക്കം ചെയ്യാനും ഈ ഉദ്യോഗസ്ഥന് അനുവാദം നൽകണം എന്നാണു കേന്ദ്ര ഐടി മന്ത്രാലയം നടപ്പിലാക്കാൻ ആവശ്യപ്പെട്ട പുതിയ ഐടി നിയമത്തിലുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ചിലതില്‍ ചര്‍ച്ച നടക്കുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കി. സമയ പരിധി അവസാനിച്ചിരിക്കുന്നതിനാൽ സമൂഹമാധ്യമങ്ങൾക്കെതിരെ ഏതുവിധേനയുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സമയം നീട്ടി നൽകുമോ എന്നുൾപ്പടെയുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ തീരുമാനം നാളെയുണ്ടാകും.