മാണി സി കാപ്പന് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ആശീർവദിച്ച മംഗളപത്രം സമ്മാനിച്ചു മോൻസ് ജോസഫ്.


തിരുവനന്തപുരം: പാലായിൽ നിന്നും തിളക്കമാർന്ന വിജയം സ്വന്തമാക്കി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത മാണി സി കാപ്പന്  ബനഡിക്ട്  പതിനാറാമൻ മാർപ്പാപ്പ ആശീർവദിച്ച് നൽകിയ മംഗളപത്രം മോൻസ് ജോസഫ് എംഎൽഎ സമ്മാനിച്ചു. സത്യപ്രതിജ്ഞാ ദിവസം കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം എന്ന നിലയിലാണ് മാണി സി കാപ്പന് മാർപ്പാപ്പയുടെ മംഗളപത്രം നൽകിയതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. 2008 ഒക്ടോബർ 12 ന്‌ വത്തിക്കാനിൽ നടന്ന വിശുദ്ധ അൽഫോൻസാമ്മയുടെ കാനനൈസേഷൻ  ചടങ്ങിന് കേരള പ്രതിനിധി സംഘത്തെ നയിച്ചത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന അഡ്വ. മോൻസ് ജോസഫ് ആയിരുന്നു. കേരള സംഘത്തിൽ മുൻ ധനകാര്യ മന്ത്രി കെ.എം മാണി, മുൻ ഗവർണർ എം എം ജേക്കബ്ബ്, മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, മാണി സി കാപ്പൻ, കെ സി ജോസഫ്, പി സി ജോർജ്, ഡോ.സിറിയക് തോമസ് തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു. വത്തിക്കാനിൽ എത്തിയ പ്രതിനിധി സംഘാംഗങ്ങൾക്ക്  ബനഡിക്ട് പതിനാറാമൻ മാറപ്പാപ്പയുടെ മംഗളപത്രം പിന്നീട് അയച്ച് കൊടുക്കുകയായിരുന്നു. ടീം ലീഡറായിരുന്ന മോൻസ് ജോസഫിന്റെ  പക്കൽ 2008 ൽ തന്നെ വത്തിക്കാനിൽ നിന്ന് മംഗള പത്രം അയച്ച് കൊടുത്തെങ്കിലും വിവിധ സാഹചര്യങ്ങൾ മൂലം മാണി സി കാപ്പന് ഇത് കൈമാറാൻ കഴിഞ്ഞിരുന്നില്ല എന്ന് മോൻസ് ജോസഫ് പറഞ്ഞു. 13 വർഷക്കാലം മംഗളപത്രം വീട്ടിൽ ഭദ്രമായി സൂക്ഷിച്ച് വച്ചിരുന്ന മോൻസ് ജോസഫിന്റെ ഭാര്യ സോണിയയാണ് ഇപ്രാവശ്യത്തെ തിളക്കമാർന്ന വിജയത്തിനുള്ള സമ്മാനമായി മാർപ്പാപ്പയുടെ മംഗള പത്രം മാണി സി കാപ്പന് എത്തിച്ച് കൊടുക്കാൻ ഓർമ്മപ്പെടുത്തിയത് എന്നും മോൻസ് ജോസഫ് പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നിയമസഭയിൽ വെച്ച് മാണി സി കാപ്പന് മംഗള പത്രം കൈമാറുകയും ചെയ്തു. പിന്നാലെ കേരളാ കോൺഗ്രസ് നേതാവ് പി.ജെ ജോസഫും അഭിനന്ദനവുമായി എത്തിച്ചേർന്നു. വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഇക്കാര്യം സത്യപ്രതിജ്ഞ ദിവസം ലഭിച്ചതിൽ ഇരട്ടി മധുരമാണെന്ന് മാണി സി കാപ്പൻ എംഎൽഎ പ്രതികരിച്ചു. പാലായിൽ മാണി.സി കാപ്പൻ കൈവരിച്ച തിളക്കമാർന്ന വിജയവും കടുത്തുരുത്തിയിൽ കരുത്ത് തെളിയിച്ച് കൊണ്ട് മോൻസ് ജോസഫ് നേടിയെടുത്ത വിജയവും കേരള രാഷ്ട്രീയത്തിൽ ഏറ്റവും അഭിമാനകരമാണെന്ന് പി ജെ ജോസഫ് പറഞ്ഞു.