കോവിഡ്: പാറത്തോട് ഗ്രാമപഞ്ചായത്തിൽ 10 ദിവസത്തേക്ക് അധിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു,വ്യാപാര സ്ഥാപനങ്ങൾ ആഴ്ച്ചയിൽ 3 ദിവസം മാത്രം പ്രവർത്തിക്കും.


കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ 10 ദിവസത്തേക്ക് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ ആഴ്ച്ചയിൽ 3 ദിവസം മാത്രമാകും പ്രവർത്തിക്കുക.

തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുക. പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങാനും കൂട്ടം കൂടാനും പാടില്ല എന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലുകളിൽ പാഴ്സലും ഹോം ഡെലിവറിയും മാത്രമേ നടത്താൻ പാടുള്ളു. മെഡിക്കൽ സ്റ്റോറുകൾക്കും ആശുപത്രികൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല. 388 ലധികം കോവിഡ് ബാധിതർ ഗ്രാമപഞ്ചായത്തിലുണ്ടെന്നും ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം പറഞ്ഞു.

ഗ്രാമ പഞ്ചായത്തിൽ 185 പേർക്ക് കോവിഡ് ആർടിപിസിആർ ടെസ്റ്റ് നടത്തിയതിൽ 108 പേരും കോവിഡ് പോസിറ്റീവ് ആയത് ആശങ്കയുയർത്തുന്നുണ്ട്. ഗ്രാമപഞ്ചായത്തിന്റെയും പോലീസ് ആരോഗ്യ വകുപ്പുകളുടെയും സംയുക്ത തീരുമാനത്തിലാണ് പഞ്ചായത്തിൽ അധിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.