കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കോട്ടയം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് മാസ്ക് ധരിക്കാത്ത 4240 സംഭവങ്ങൾ.


കോട്ടയം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും മാസ്ക് ധരിക്കണമെന്നു സർക്കാരും ആരോഗ്യ വകുപ്പും ആവർത്തിച്ചു മുന്നറിയിപ്പ് നൽകി ഓർമ്മിപ്പിക്കുമ്പോഴും ഇതൊന്നും വിലയ്‌ക്കെടുക്കാത്ത ചിലരും നമുക്കിടയിലുണ്ട്. മാസ്ക് ധരിക്കാത്തതിന് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കോട്ടയം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്  4240 സംഭവങ്ങളാണ്.

മാസ്ക് ധരിക്കാത്തവർക്കെതിരെയും മാസ്ക് ശെരിയായി ധരിക്കാത്തവർക്കെതിരെയുമാണ് ജില്ലയിൽ പോലീസും ബന്ധപ്പെട്ട അധികാരികളും നടപടി സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം ക്വാറന്റയിൻ ലംഘിച്ച 26 പേർക്കെതിരെയും ജില്ലയിൽ പോലീസ് നടപടിയെടുത്തു.

വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കാത്ത 3689 പേർക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.