കോട്ടയം ജില്ലയിൽ സ്ഥിതി സങ്കീർണ്ണം,38 തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ രോഗവ്യാപനം രൂക്ഷം;ജില്ലാ കളക്ടർ.


കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ 38 തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ രോഗവ്യാപനം രൂക്ഷമാണ് എന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയായി രോഗികളുടെ എണ്ണം ഗണ്യമായി ഉയരുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 നു മുകളില്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഈ മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പോലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും ജില്ലാ കളക്ടർ പറഞ്ഞു. മറവന്തുരുത്ത്, കുമരകം, മുളക്കുളം, ടിവിപുരം, തലയാഴം, ഉദയനാപുരം, വെളിയന്നൂര്‍, മാടപ്പള്ളി, കൂരോപ്പട, ഈരാറ്റുപേട്ട, മീനടം, വെച്ചൂര്‍, വെള്ളൂര്‍, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, തലപ്പലം, നെടുംകുന്നം, കരൂര്‍, വെള്ളാവൂര്‍, പാമ്പാടി, നീണ്ടൂര്‍, മണര്‍കാട്, അതിരമ്പുഴ, പുതുപ്പള്ളി, മാഞ്ഞൂര്‍, അയ്മനം, കുറിച്ചി, തൃക്കൊടിത്താനം, മണിമല, വാകത്താനം, വിജയപുരം, അകലക്കുന്നം,കല്ലറ, തലനാട്, കങ്ങഴ, വാഴൂര്‍, ഏറ്റുമാനൂര്‍, കൊഴുവനാല്‍ എന്നിവയാണ് ഈ തദ്ദേശ സ്ഥാപനങ്ങള്‍. ഈ പ്രദേശങ്ങളിലെ രോഗവ്യാപനം കുറയ്ക്കുന്നതിന്  മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ജില്ലയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് വിപുലമായ നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവും നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു.