ലോക്ക് ഡൗൺ: ജില്ലയ്ക്കകത്തു 95 സ്ഥലങ്ങളിൽ വാഹന പരിശോധന,75 വെഹിക്കിൾ പെട്രോൾ,100 ബൈക്ക് പെട്രോൾ, നിയന്ത്രണ ലംഘകരെ കയ്യോടെ പിടികൂടാനുറച്ച് ജില്ലാ പോലീസ്


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കാറ്റിൽപ്പറത്തി അനാവശ്യമായി യാത്ര ചെയ്തിരുന്നവർ ഇനി കുടുങ്ങും. സംസ്ഥാനത്ത് ഇന്ന് മുതൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ശ്കതമായ നിയന്ത്രണങ്ങളും പരിശോധനകളുമാണ് ജില്ലാ പോലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിൽ നടക്കുന്നത്. കോട്ടയം ജില്ലയിലേക്ക് വരുന്ന പ്രധാന 12 റോഡുകളിൽ കർശനമായ വാഹന പരിശോധന ഉണ്ടായിരിക്കും. ജില്ലയ്ക്കകത്തു 95 സ്ഥലങ്ങളിൽ വാഹന പരിശോധന ഉണ്ടായിരിക്കും. ജില്ലയിൽ 75 വെഹിക്കിൾ പെട്രോൾ ഉണ്ടായിരിക്കും. ജില്ലയിലെ പ്രധാന അതിർത്തികളിൽ 24 മണിക്കൂറും വാഹന പരിശോധന ഉണ്ടായിരിക്കുന്നതാണ്. ജില്ലയിൽ മൊത്തം 100 ബൈക്ക് പെട്രോളും ഉണ്ടായിരിക്കും. കോട്ടയം ജില്ലയിലെ നിലവിലുള്ള 5  പോലീസ് സബ് ഡിവിഷനുകൾക്കു പുറമെ 4 ഡിവിഷനുകൾ കുടി രൂപീകരിച്ച് 9 ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലായിരിക്കും ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തുക. എക്സൈസ്,മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, പോലീസ് വോളന്റീർസ് തുടങ്ങിയവരും ഈ ഡ്യൂട്ടിക്കായി ഉണ്ടാകുന്നതാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുന്നതുമാണ്. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുകയും കേസിലുൾപ്പെടുകയും ചെയ്യുന്നവരുടെ പാസ്പോർട്ട് ലഭിക്കുവാൻ കാലതാമസം നേരിടുന്നതാണ്. ജില്ലയിലാകെമാനം 1200 പോലീസുദ്യോഗസ്ഥരെ ലോക്ക് ഡൗൺ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.