കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗബാധിതർക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഭാഗമായി സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സയ്ക്കായുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. നിലവിൽ കോട്ടയം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകളാണ് കോവിഡ് ചികിത്സക്കായി മാറ്റിവച്ചിരിക്കുന്നത്.
ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍, ആശുപത്രികളിലെ കിടക്കകള്‍, ഐ.സി.യു, വെന്‍റിലേറ്റര്‍, ആംബുലൻസ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഏതു സമയത്തും ലഭ്യമാക്കുന്ന കണ്‍ട്രോള്‍ റൂം കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവർത്തിക്കുന്നുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ വീടുകളില്‍ നിന്നും പരിചരണ കേന്ദ്രങ്ങളില്‍ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സാഹചര്യത്തില്‍ സൗകര്യങ്ങളുടെ തത്സമയ വിവരം ലഭിക്കുന്നത് യഥാസമയം ചികിത്സ നല്‍കുന്നതിന് ഉപകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും മറ്റ് അസുഖങ്ങൾ ഇല്ലാത്തവരും വീട്ടിൽ തന്നെ കഴിഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യാവൂ എന്നും അല്ലാതെ വരുന്നവരെ മുഴുവൻ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതി ഉണ്ടായാൽ ഗുരുതര രോഗമുള്ളവർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.
