വൈക്കം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വൈക്കത്ത് പ്രതിരോധ മുന്നൊരുക്കങ്ങൾ ശക്തമാണെന്ന് എംഎൽഎ സി കെ ആശ പറഞ്ഞു. കോവിഡ് രണ്ടാംഘട്ട വ്യാപനം ആദ്യത്തേതിനേക്കാൾ മാരകവും വ്യാപന ശേഷിയിൽ തീവ്രവുമാണ്. ഇതിനോടകം ചെറുപ്പക്കാർ ഉൾപ്പെടെ നിരവധിപേരുടെ വിലപ്പെട്ട ജീവൻ ആണ് ഈ മഹാമാരി വൈക്കത്തുനിന്നും കവർന്നെടുത്തത് എന്നും സി കെ ആശ പറഞ്ഞു. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വൈക്കത്ത് പണിപൂർത്തിയായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 150 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി പരിവർത്തനപ്പെടുത്തിയിട്ടുണ്ട് എന്നും സി കെ ആശ പറഞ്ഞു. 150 കിടക്കകളും, ഓക്സിജൻ ലഭ്യമാക്കുന്നതിന് വേണ്ടി വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തി. വൈക്കം താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റിൽ നിന്നും രോഗികൾക്ക് ആവശ്യമായ മുഴുവൻ ഓക്സിജനും ലഭിക്കുമെന്നും എംഎൽഎ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായാൽ പകരം സംവിധാനമായി ഓക്സിജൻ സിലിണ്ടറുകളും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ വൈക്കം മുനിസിപ്പൽ ടൗൺഹാളിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ രോഗികളാൽ നിറഞ്ഞു കഴിഞ്ഞതിനാൽ വൈക്കം ബോയ്സ് ഹൈസ്കൂളിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിൽ കോവിഡ് രോഗികൾക്കായി മറ്റൊരു സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. കൂടാതെ മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ഡിസിസി സെന്ററുകളും ഇതിനകം സജ്ജീകരിച്ചു കഴിഞ്ഞതായും സി കെ ആശ പറഞ്ഞു.
കോവിഡ് പ്രതിരോധം:വൈക്കത്ത് മുന്നൊരുക്കങ്ങൾ ശക്തം;സി കെ ആശ.
