കോവിഡ് ആശുപത്രി: ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലിൽ ജില്ലാ കളക്ടർ ഇന്ന് സന്ദർശനം നടത്തും.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഈരാറ്റുപേട്ട മേഖലകളിലും സമീപ മലയോര മേഖലകളിലും കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കാൻ ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന ആവശ്യമുയർന്നതിനെ തുടർന്ന് ജില്ലാ കളക്ടർ എം അഞ്ജന ഇന്ന് ആശുപത്രി സന്ദർശിക്കും. ഇന്നലെ നടന്ന ഓൺലൈൻ മീറ്റിങ്ങിൽ ഈരാറ്റുപേട്ടയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിൽ റിംസ് ആശുപത്രി ഏറ്റെടുത്ത കോവിഡ് ആശുപത്രിയാക്കണമെന്നു നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ ആവശ്യപ്പെട്ടിരുന്നു. ആശുപത്രി പ്രവർത്തന സജ്ജമാക്കിയാൽ ചാഴിക്കാട് ഹോസ്പിറ്റൽ ജീവനക്കാരുടെ സേവനം നൽകാൻ തയ്യാറാണെന്നറിയിച്ചിട്ടുണ്ട് എന്നും നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു. ഈരാറ്റുപേട്ട മേഖലയിലുള്ളവർക്കും തീക്കോയി, തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കോവിഡ് രോഗബാധിതർക്ക് ആശുപത്രി ചികിത്സ ലഭ്യമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമാണ് ഈരാറ്റുപേട്ട റിംസ് ആശുപത്രി ജില്ലാ ഭരണകൂടം ഏറ്റെടുത്ത കോവിഡ് ആശുപത്രിയാക്കുന്നത്. 250 കിടകളുടെ സൗകര്യത്തോടെയായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ നവംബറിൽ കോട്ടയം ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിനായി അടിയന്തരമായി വിട്ടു നല്‍കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ലിക്വിഡേഷന്‍ നടപടികള്‍ക്ക് വിധേയമായ ആശുപത്രി പ്രവാസികള്‍ക്കുള്ള ക്വാറന്റയിന്‍ കേന്ദ്രമായി മാത്രം ഉപയോഗിക്കുന്നതിന് കഴിഞ്ഞ മെയ് മാസത്തിലും ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.